ഗസ: പാശ്ചാത്യ മാധ്യമങ്ങൾ ഗസ വംശഹത്യയ്ക്ക് വഴിയൊരുക്കുകയും ചരിത്രം തിരുത്തിയെഴുതുകയും ചെയ്യുന്നുവെന്ന വിമർശനവുമായി മാധ്യമ വിശകലന വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും.
ലണ്ടനിൽ ഇന്റർനാഷണൽ സെന്റർ ഓഫ് ജസ്റ്റിസ് ഫോർ ഫലസ്തീൻ (ICJP) സംഘടിപ്പിച്ച ഒരു പാനലിൽ സംസാരിക്കവെയായിരുന്നു മാധ്യമ വിശകലന വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും തങ്ങളുടെ ആശങ്ക ഉയർത്തിയത്.
ഫലസ്തീനെതിരായ ഇസ്രാഈൽ ആക്രമണം തീവ്രമാവുകയും മിഡിൽ ഈസ്റ്റിലുടനീളം വ്യാപിക്കുകയും ചെയ്യുമ്പോൾ അന്താരാഷ്ട്ര ഉത്തരവാദിത്തമില്ലായ്മയെയും സംഘർഷത്തെക്കുറിച്ചുള്ള പൊതുജന ധാരണ രൂപപ്പെടുത്തുന്നതിൽ പാശ്ചാത്യ വാർത്താ ഏജൻസികളുടെ പങ്കിനെയും കുറിച്ച് മാധ്യമ വിശകലന വിദഗ്ധരും മനുഷ്യാവകാശ വക്താക്കളും പരിപാടിയിൽ സംസാരിച്ചു.
ഗസയിൽ നടക്കുന്ന അതിക്രമങ്ങളെ വളച്ചൊടിക്കുന്നതിൽ മുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങൾ സംഭാവന നൽകുന്നുണ്ടെന്ന് വിദഗ്ധർ ആരോപിച്ചു.
പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ വംശഹത്യയെക്കുറിച്ചുള്ള അവകാശവാദങ്ങളെ വളരെയധികം കുറച്ചുകാണുകയോ തള്ളിക്കളയുകയോ ചെയ്യുന്നുവെന്ന് വെളിവാക്കുന്ന കണ്ടെത്തലുകൾ സെന്റർ ഫോർ മീഡിയ മോണിറ്ററിംഗ് (CFMM) അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗസയിലെ കവറേജിൽ വംശഹത്യയെക്കുറിച്ചുള്ള പരാമർശങ്ങൾ 100ലധികം തവണ ബി.ബി.സി നിർത്തിവച്ചിട്ടുണ്ടെന്ന് സി.എഫ്.എം.എമ്മിലെ മീഡിയ അനലിസ്റ്റായ ഫൈസൽ ഹനീഫ് പറഞ്ഞു.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് പ്രൊഫസർ ഒമർ അൽ-ഗാസി ഈ പ്രവണതയെ ചരിത്രത്തിനെതിരായ യുദ്ധം എന്ന് വിമർശിച്ചു. ഭാവിയിലെ ചരിത്ര സ്രോതസുകളായി മാധ്യമ വിവരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഗസയിലെ സംഭവങ്ങളെ വരും തലമുറകൾ എങ്ങനെ മനസിലാക്കുമെന്ന് രൂപപ്പെടുത്തുമെന്ന് അദ്ദേഹം ആശങ്ക ഉന്നയിച്ചു.
മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിലെ പ്രത്യേക ഭാഷാ രീതികളിലേക്കും പാനൽ വിരൽ ചൂണ്ടി. ഫലസ്തീനികൾക്കെതിരായ ഇസ്രഈലി ആക്രമണങ്ങളെ അപേക്ഷിച്ച് ഹമാസ് ആക്രമണങ്ങളെ പരാമർശിക്കുമ്പോൾ ‘കൂട്ടക്കൊല’ എന്ന പദം 18 മടങ്ങ് കൂടുതൽ തവണ ഉപയോഗിച്ചതായി ഫൈസൽ ഹനീഫ് ചൂണ്ടിക്കാട്ടി. ഇത് പക്ഷപാതമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ്-ഇസ്രഈൽ പത്രപ്രവർത്തക റേച്ചൽ ഷാബി, ഇസ്രാഈൽ സേന അന്താരാഷ്ട്ര റിപ്പോർട്ടർമാരെ ഗസയിൽ പ്രവേശിക്കാൻ അനുവദിക്കാറില്ലെന്നും അതേസമയം ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നുണ്ടെന്നും വിമർശിച്ചു. . അന്താരാഷ്ട്ര മാധ്യമങ്ങൾ ഇസ്രാഈൽ പറയുന്ന ഈ വിവരണങ്ങളെ അംഗീകരിച്ചതിൽ അവർ അമർഷം പ്രകടിപ്പിച്ചു.
‘ഫലസ്തീൻ ശബ്ദങ്ങൾ ഉൾപ്പെടുത്തുമ്പോഴും അവരുടെ കഷ്ടപ്പാടുകൾ പലപ്പോഴും അന്താരാഷ്ട്ര മാധ്യമങ്ങൾ സംശയത്തിന്റെ നിഴലിലൂടെ കാണുന്നു. പ്രാദേശിക പത്രപ്രവർത്തകരുടെ റിപ്പോർട്ടുകളിലൂടെ അവതരിപ്പിക്കുന്ന ഫലസ്തീന്റെ ശബ്ദങ്ങളെ മാധ്യമങ്ങൾ ഒഴിവാക്കുക മാത്രമല്ല, ചിലപ്പോഴൊക്കെ അവരെ ഉൾപ്പെടുത്തുമ്പോൾ, അവരെ വിചാരണക്ക് വിധേയരാക്കുകയും ചെയ്യുന്നു,’ അവർ പറഞ്ഞു.
എതിരാളികളെ സെമിറ്റിക് വിരുദ്ധരായി മുദ്രകുത്തി വിമർശനങ്ങളെ അടിച്ചമർത്താൻ രൂപകൽപന ചെയ്ത ആക്രമണാത്മക പ്രചാരണമാണ് ഇസ്രഈലിന്റെ മാധ്യമ തന്ത്രമെന്ന് ചരിത്രകാരനായ അവി ഷ്ലൈം വിമർശിച്ചു.
Content Highlight: Western media enabling Gaza genocide and rewriting history, say experts