ജെറുസലേം: വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ വംശീയ ഉന്മൂലന (എത്‌നിക് ക്ലെന്‍സിങ്) അജണ്ടയാണ് ഇസ്രഈല്‍ നടപ്പാക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ന് പ്രസിദ്ധീകരിച്ച 149 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്.
ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന വംശീയ ഉന്മൂലനത്തിനായുള്ള പരിപാടികള്‍ ഇസ്രഈല്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വെസ്റ്റ്ബാങ്കില്‍ നടപ്പിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ്ബാങ്കില്‍ നടപ്പാക്കുന്നത് ഇസ്രഈല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ മാത്രമല്ലെന്നും ഭരണകൂടത്തിന്റെ നയം അനുസരിച്ചുള്ള കുടിയൊഴിപ്പിക്കല്‍ അജണ്ട അവിടെ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ അനുമതികള്‍ ഇസ്രഈല്‍ ഭരണകൂടം നല്‍കിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വെസ്റ്റ്ബാങ്കിലെ ഇസ്രഈല്‍ അജണ്ടകളെക്കുറിച്ചുള്ള ആംനസ്റ്റി ഇന്റര്‍നാഷല്‍ റിപ്പോര്‍ട്ട് വരുന്നത്.
വെസ്റ്റ് ബാങ്കിലെ ഇടയ സമുദായങ്ങളെയും ഫലസ്തീനിയന്‍ ബെദോയിന്‍ സമുദായത്തെയും ഇസ്രഈല്‍ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ സാരമായി ബാധിച്ചിരുന്നു. തലമുറകളായി വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളില്‍ കഴിയുന്ന ഫലസ്തീനിയന്‍ ബെദോയിന്‍ സമുദായത്തെ അടക്കം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഇസ്രഈലിന്റെ പക്ഷത്തുനിന്ന് ഉണ്ടാവുന്നതായി ആംനസ്റ്റി റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ പറയുന്നു.
പ്രദേശത്ത് ഇസ്രഈല്‍ നടത്തുന്നത് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രത്യയ ശാസ്ത്രം ബാധിച്ച ഇസ്രഈലി കുടിയേറ്റക്കാര്‍ ഫലസ്തീനി സമുദായങ്ങളെ വിവിധ തരത്തില്‍ ആക്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിരമായുള്ള അതിക്രമങ്ങള്‍, സ്വത്തുക്കള്‍ നശിപ്പിക്കല്‍, വീടുകളില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഇതിനായി കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടിന്റെ തുടക്ക ഭാഗത്ത് പറയുന്നു.
117 വെസ്റ്റ്ബാങ്ക് ഗ്രാമങ്ങളിലെങ്കിലും ഫലസ്തീനിയന്‍ സമുദായങ്ങളിലുള്ളവരെ ഭാഗികമായോ പൂര്‍ണമായോ ഒഴിപ്പിക്കാനായി കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നുവെന്ന യു.എന്‍ മനുഷ്യാവകാശ കാര്യ ഓഫീസിന്റെ (ഒ.സി.എച്ച്.എ) കണ്ടെത്തലിനെക്കുറിച്ചം റിപ്പോര്‍ട്ടിന്റെ സംഗ്രഹത്തില്‍ ആംനസ്റ്റി പറയുന്നുണ്ട്. ഇത്തരം ഗ്രാമങ്ങളില്‍ നിന്ന് 5910ഓളം പേര്‍ ഒഴിഞ്ഞുപോയതായും സംഗ്രഹത്തില്‍ പറയുന്നു. 2023 ജനുവരിക്കും ഈ വര്‍ഷം ഏപ്രിലിനും ഇടയിലാണ് കുടിയേറ്റക്കാരുടെ ആക്രമണങ്ങള് വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗമായി നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ചില തീവ്ര നിലപാടുകാരോ സംഘടനകളൊ ഒന്നോ രണ്ടോ മന്ത്രിമാരോ ആണ് വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നത് എന്ന ധാരണ തെറ്റാണെന്നും ഇത് ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കല്ലാമാര്‍ഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.വെസ്റ്റ്ബാങ്കില്‍ നടന്നുകൊണ്ടിരിക്കുന്നത് ഭരണകൂടം നയിക്കുന്ന അധിനിവേശമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അവിടെ പൂര്‍ണമായി ലംഘിക്കപ്പെടുന്നതിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രദേശത്തെ താമസക്കാരോട് അടക്കം അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫലസ്തീന്‍ ആയ മനുഷ്യനും മരങ്ങളും കല്ലുകളും അടക്കം എല്ലാത്തിനെയും തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് സൈന്യത്തിന്റെ സഹായത്തോടെ കുടിയേറ്റക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് കുഫിര്‍ മാലികിലെ താമസക്കാരനായ മുംതസിര്‍ അല്‍ മാലികിയുടെ വാചകവും റിപ്പോര്‍ട്ടിന്റെ സംഗ്രഹത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Content Highlight: West Bank ethnic cleansing- settler attacks Israel’s state policy: Amnesty