പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവില്‍
India
പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവില്‍
അനിത സി
Saturday, 21st March 2026, 11:35 am

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ മൂല്യത്തില്‍ ഗണ്യമായ ഇടിവുണ്ടാക്കുന്നു. വെള്ളിയാഴ്ച 82 പൈസ മൂല്യം കുറഞ്ഞ് 93.71ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ നാല് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് രൂപ രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍ ഉയര്‍ന്നവിലയില്‍ വ്യാപാരം തുടരുന്നതിനിടെയാണ് രൂപയുടെ ഇടിവ്.

ബുധനാഴ്ച രൂപയുടെ മൂല്യം 1.1 ശതമാനത്തിലധികം ഇടിഞ്ഞ് 93.73 എന്ന ഏറ്റവും താഴ്ന്ന നിരക്കില്‍ വ്യാപാരം നടത്തിയിരുന്നു. പിന്നീട് 93.71ല്‍ ക്ലോസ് ചെയ്തു. ഈ ആഴ്ചയില്‍ മാത്രം രൂപയ്ക്ക് 1.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2022 അവസാനത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം 5.5 ശതമാനത്തിലധികം മൂല്യം നഷ്ടപ്പെട്ട രൂപ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായി മാറി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രൂപ ഡോളറിനെതിരെ 11 ശതമാനത്തോളം ദുര്‍ബലമായി. മുന്‍വര്‍ഷങ്ങളിലെ 4.2 ശതമാനമെന്ന ശരാശരി വാര്‍ഷിക ഇടിവിനേക്കാള്‍ വളരെ കൂടുതലാണ് ഇത്.

ഈ രീതിയില്‍ രൂപയുടെ ഇടിവ് തുടരുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അവകാശപ്പെടുന്ന 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ലക്ഷ്യം വെറും സ്വപ്‌നമായി തന്നെ അവശേഷിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ പ്രതിസന്ധിയെ മറുകടക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും പ്രകൃതി വാതകത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ കറന്‍സിയുടെ മൂല്യത്തകര്‍ച്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കും.

നിലവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ക്രൂഡ് ഓയിലിന് ബാരലിന് 10 ഡോളര്‍ വര്‍ധനവുണ്ടായാല്‍ ഇന്‍ഫ്‌ളമേഷന്‍ ഏകദേശം 30 ബേസിസ് പോയിന്റ് വരെ ഉയരും.

കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ക്രൂഡ് ഓയില്‍ വിലവര്‍ധനവും രാജ്യത്തെ വിലക്കയറ്റത്തിലേക്കും ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കും. ഇന്ധനത്തിന്റെയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കയറ്റം ഇന്ത്യയിലെ കുടുംബങ്ങളുടെ ബഡ്ജറ്റ് താളം തെറ്റിക്കുന്നതാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വലിയ സാമ്പത്തിക ആഘാതങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ഇതിലൂടെ വ്യക്തമായി. കഴിഞ്ഞദിവസം രാജ്യത്തെ പ്രീമിയം പെട്രോളിന്റെ വില എണ്ണ കമ്പനികള്‍ 2.50 രൂപ വര്‍ധിപ്പിച്ചിരുന്നു.

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ സര്‍വീസ് ചാര്‍ജില്‍ 2.40 രൂപയുടെ വര്‍ധവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ആര്‍.ബി.ഐ പണ നയത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും.

Content Highlight: West Asian conflict: Rupee suffers biggest fall in four years

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.