'ഇത് ഒരു ജനാധിപത്യരാജ്യമാണ്, എതിരാളികളെ മത്സരിക്കാന്‍ അനുവദിക്കുക'; പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി
India
'ഇത് ഒരു ജനാധിപത്യരാജ്യമാണ്, എതിരാളികളെ മത്സരിക്കാന്‍ അനുവദിക്കുക'; പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 8:32 am

ന്യൂദല്‍ഹി: മയക്കുമരുന്നു കേസില്‍ അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീദിയയെ ഫെബ്രുവരി 13 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. ഇത് ഒരു ജനാധിപത്യരാജ്യമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ മത്സരിക്കാതിരിക്കാന്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ അടിച്ചേല്‍പ്പിക്കരുത് എന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

‘നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവരെ അനുവദിക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പെട്ടെന്ന് ക്രിമിനല്‍ കേസുകള്‍ ഉയര്‍ന്നുവരുന്നു, ഈ കേസുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യത്തെ പറ്റി സംശയിക്കാന്‍ കാരണങ്ങളുണ്ട്,’ ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. അഭിഭാഷകനായ പി. ചിദംബരമാണ് പഞ്ചാബ് സര്‍ക്കാരിനായി കോടതിയില്‍ ഹാജരായത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സംരക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് മജീദിയ സുപ്രീം കോടതിയെ സമീപിച്ചത്.

2004 നും 2015 നും ഇടയില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ഡിസംബര്‍ 20 ന് ആയിരുന്നു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ 2015 മുതല്‍ മയക്കുമരുന്ന് കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ മജീദിയയ്‌ക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് എതിര്‍ഭാഗം അഭിഭാഷകന്‍ വാദിച്ചു.

വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ മജിതിയ, ഈസ്റ്റ് അമൃത്‌സര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മജീദിയ മത്സരിക്കുന്നത്. ഈസ്റ്റ് അമൃത്‌സറില്‍ മജീദിയയുടെ എതിര്‍സ്ഥാനാര്‍ത്തി സംസ്ഥാന പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവാണ്.

വെള്ളിയാഴ്ച അമൃത്‌സര്‍ ഈസ്റ്റില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചുവെന്ന് മജീദിയ ആരോപിച്ചിരുന്നു.

കോടതിയിലെത്തുന്ന കേസുകള്‍ കരുതിക്കൂട്ടിയുള്ളതാണെന്ന പ്രതീതിയുണ്ടാക്കുന്നു എന്നു പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിനെ തങ്ങളുടെ അതൃപ്തി അറിയിക്കുകയും ചെയ്തു.

തനിക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് പരാതിപ്പെട്ട് അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പഞ്ചാബില്‍ നിന്നുള്ള മറ്റൊരു എം.എല്‍.എയും സമീപിച്ചിട്ടുണ്ടെന്ന് മജിദിയയുടെ ഹരജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ആശങ്കകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി.


Content Highlight: were-in-a-democracy-cant-stop-rivals-from-contesting-polls-supreme-court