ദുര്‍ഗാവാഹിനി പ്രകടനം കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
Kerala News
ദുര്‍ഗാവാഹിനി പ്രകടനം കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th May 2022, 7:52 am

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി കലാപാഹ്വാനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എം. അന്‍സാരി.

നെയ്യാറ്റിന്‍കര സരസ്വതി വിദ്യാലയത്തില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായാണ് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പ്രകടനം നടത്തിയതെന്നും ഇത് കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര കീഴാറൂരില്‍ ആര്‍.എസ്.എസ് സ്ത്രീകള്‍ മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയ്യുമെന്ന് മുറവിളി നടത്തിയിട്ടും അതിനെതിരെ പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തത് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം വര്‍ധിപ്പിക്കുന്നതിന് കാരണമാകും.

സംസ്ഥാനത്ത് ആര്‍.എസ്.എസിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആയുധ പരിശീലനവും സംരക്ഷണവും നടക്കുന്നതിന് വ്യക്തമായ തെളിവുകള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം നടത്താന്‍ ഇതുവരെയും ഭരണകൂടം തയ്യാറായിട്ടില്ല,’ എന്‍.എം. അന്‍സാരി പറഞ്ഞു.

അതേസമയം സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.


ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

‘മുസ്‌ലിം സമൂഹത്തെ വംശീയമായി ഉന്‍മൂലനം ചെയ്യാനും രാജ്യത്ത് കലാപം നടത്താനും പരസ്യമായി പ്രഖ്യാപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ആര്‍.എസ്.എസ്.

ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളിലും കൂട്ടായ്മകളിലും രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പരസ്യമായി തന്നെ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കാനോ ആര്‍.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യാനോ ഇടതു സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിമര്‍ശിച്ചു.

പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഇന്ത്യയിലെ മുസ്‌ലിം, ദലിത്, ആദിവാസി സമൂഹങ്ങളെ നശിപ്പിക്കുന്നതിനുള്ള പരസ്യമായ വെല്ലുവിളി നടത്തിയിട്ടുണ്ട്.

എന്നാല്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ഹിന്ദു തീവ്രവാദത്തോട് മൃദു സമീപനം സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിമര്‍ശിച്ചു.

നെയ്യാറ്റിന്‍കര കീഴാറൂരിലാണ് കഴിഞ്ഞ ദിവസം വാളുകളുമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മെയ് 22നായിരുന്നു സംഭവം നടന്നത്.

Content Highlights: Welfare Party say Durgavahini demonstration to create riots in Kerala, government not action to terrorism