മുംബൈ: ന്യൂയോര്‍ക്ക് മേയറായി വിജയിച്ച ആദ്യ ഇന്ത്യന്‍ വംശജനും മുസ്‌ലിം വിശ്വാസിയും 100 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമായ സൊഹ്‌റാന്‍ മംദാനിയുടെ വിജയത്തിനിടെ വിദ്വേഷം പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍എ.
‘ഒരു ഖാനെയും മേയറാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ എന്നാണ് മുംബൈയിലെ ബി.ജെ.പി മേധാവി കൂടിയായ അമിത് സതം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
വോട്ട് ജിഹാദ് എന്നാണ് അദ്ദേഹം ഈ വിജയത്തെ വിശേഷിപ്പിച്ചത്. മംദാനി വിജയിച്ച ന്യൂയോര്‍ക്കിലെ അതേ രീതിയിലുള്ള പ്രീണന രാഷ്ട്രീയം മുംബൈയിലും കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അമിത് സതം പറഞ്ഞു.
രാഷ്ട്രീയത്തില്‍ അധികാരം നിലനിര്‍ത്താനായി ചിലര്‍ പ്രീണനത്തിന്റെ പാത സ്വീകരിക്കും. മുമ്പ് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച അത്തരം ശക്തികളില്‍ നിന്നും മുംബൈയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും അമിത് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ മതസൗഹാര്‍ദത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത്, ദേശവിരുദ്ധ നിലപാട് സ്വീകരിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആര് ശ്രമിച്ചാലും എതിര്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
നഗരത്തിലുടനീളം വന്ദേമാതരം പരിപാടികള്‍ സംഘടിപ്പിക്കുന്നു. നഗരത്തിന്റെ സാംസ്‌കാരികമായ സ്വത്വം നഷ്ടപ്പെടുത്താനുള്ള ഒരു ശ്രമവും സ്വീകാര്യമല്ലെന്നും അമിത് സതാം പറഞ്ഞു.
അതേസമയം, 8.4 ദശലക്ഷത്തിലധികം ജനങ്ങളുള്ള ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി തെരഞ്ഞെടുപ്പില്‍ വിജയിച്ച് ചരിത്രം തിരുത്തിയിരിക്കുകയാണ് 34കാരനായ സൊഹ്‌റാന്‍ മംദാനി എന്ന ഡെമോക്രാറ്റ് നേതാവ്. ഇന്ത്യന്‍ വംശജരായ മഹ്‌മൂദ് മംദാനിയുടെയും മീര നായരുടെയും മകനാണ് മംദാനി.