ഞങ്ങള്‍ ചതിക്കപ്പെടുകയായിരുന്നെന്ന് സംശയിക്കുന്നു; വഖഫ് ഭേദഗതിയിലൂടെ മുനമ്പത്ത് നീതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സമരസമിതി നേതാവ്
Kerala News
ഞങ്ങള്‍ ചതിക്കപ്പെടുകയായിരുന്നെന്ന് സംശയിക്കുന്നു; വഖഫ് ഭേദഗതിയിലൂടെ മുനമ്പത്ത് നീതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സമരസമിതി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th April 2025, 4:27 pm

കൊച്ചി: തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നെന്ന് സംശയിക്കുന്നുവെന്ന് മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി. വഖഫ് ഭേദഗതിയിലൂടെ മുനമ്പത്ത് നീതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനക്ക് പിന്നാലെ ന്യൂസ് മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വളരെയധികം പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ ആ വിശ്വാസത്തെ കിരണ്‍ റിജിജുവിന്റെ പ്രസ്താവന ഇല്ലാതാക്കിയെന്നും ജോസഫ് ബെന്നി പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തങ്ങളെ ചതിക്കുകയായിരുന്നുവെന്നും ജോസഫ് ബെന്നി കൂട്ടിച്ചേര്‍ത്തു.

കിരണ്‍ റിജിജുവിന്റെ പ്രസ്താവന കേട്ടപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്നും കാരണം മുനമ്പം സമരപന്തലില്‍ വന്ന എല്ലാ ബി.ജെ.പി നേതാക്കളും  വഖഫ് ഭേദഗതിയിലൂടെ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും ജോസഫ് ബെന്നി പറഞ്ഞു.

നീതി ലഭിക്കണമെങ്കില്‍ തങ്ങള്‍ എത്ര കടമ്പകള്‍ കടക്കണമെന്നും ഇനി അങ്ങോട്ട് ദീര്‍ഘമായ നീതി ന്യായപോരാട്ടം നടത്തണമെന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ജോസഫ് ബെന്നി പറഞ്ഞു. തങ്ങള്‍ പണം കൊടുത്ത് വാങ്ങിച്ച ഭൂമിയാണതെന്നും അതിന് വേണ്ടിയായിരുന്നു സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം തീരപ്രദേശത്തേക്ക് എല്ലാ ബി.ജെ.പി നേതാക്കളുമെത്തിയപ്പോഴും തങ്ങള്‍ കോണ്‍ഗ്രസുകാരെയും സി.പി.ഐ.എം പ്രവര്‍ത്തകരെയും സമരസ്ഥലത്തേക്ക് വരുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ജോസഫ് ബെന്നി പറഞ്ഞു.

വഖഫ് ബില്ല് വരുന്നതിലൂടെ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും സാധാരണക്കാരായ തങ്ങള്‍ക്ക് പലരും വാഗ്ദാനങ്ങള്‍ തന്നപ്പോള്‍ അതെല്ലാം വിശ്വസിക്കുകയായിരുന്നു ചെയ്തതെന്നും ജോസഫ് ബെന്നി അഭിപ്രായപ്പെട്ടു.

കേന്ദ്രഗവണ്‍മെന്റിന്റെ നിയമനിര്‍മാണം തങ്ങളുടെ ഭൂമി ലഭിക്കുന്നതിലേക്ക് നയിച്ചില്ലെന്നും ആ ബില്ലില്‍ 1954ലെ ഭേദഗതി പറയുന്നത് പോലെ മുനമ്പത്തെയും കൂട്ടിച്ചേര്‍ക്കാമായിരുന്നുവെന്നും എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബോറഖും അഗാഖാന ഭൂമി പോലെ തങ്ങളുടെതും വഖഫില്‍ പെടില്ലെന്ന് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതാക്കള്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇനി എവിടെ നിന്നും നീതി ലഭിക്കുമെന്ന ചോദ്യത്തിലാണ് തങ്ങളെന്നും പ്രതീക്ഷയെല്ലാം മങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്ത് നീതി ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സമ്മതിച്ചിരുന്നു. മുനമ്പത്തെ ജങ്ങള്‍ക്ക് നീതി ലഭിക്കാന്‍ വഖഫ് ഭേദഗതി മാത്രം പോരെന്നും സുപ്രീം കോടതിയില്‍ നിയമ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുനമ്പം ജനതക്ക് നീതി ലഭിക്കാന്‍ നിയമ ഭേദഗതി കോടതിയില്‍ സഹായകമാകുമെന്നും മന്ത്രി പറയുകയുണ്ടായി.

Content Highlight: We suspect we were being cheated; Leader of the protest committee responds to Union Minister’s statement that justice will not be provided through Waqf Amendment