ഹാത്രാസ് മറന്നോ?, വനിതാ ഗുസ്തി താരങ്ങളെ തെരുവില്‍ നേരിട്ടത് മറന്നോ?; ഇതല്ലേ വനിതകളോടുള്ള ബി.ജെ.പിയുടെ ആത്മാര്‍ത്ഥത: പ്രിയങ്ക
India
ഹാത്രാസ് മറന്നോ?, വനിതാ ഗുസ്തി താരങ്ങളെ തെരുവില്‍ നേരിട്ടത് മറന്നോ?; ഇതല്ലേ വനിതകളോടുള്ള ബി.ജെ.പിയുടെ ആത്മാര്‍ത്ഥത: പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th April 2026, 2:16 pm

ന്യൂദല്‍ഹി: ലോക്സഭയില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

ബില്‍ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയം ആണെന്നും കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് കറുത്ത ദിനമാണെന്നും പ്രിയങ്ക പറഞ്ഞു.

വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് തകര്‍ന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രതിപക്ഷ ഐക്യത്തിന്റെ കരുത്താണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കപ്പെട്ടെന്നും പ്രിയങ്ക വ്യക്തമാക്കി.

ബില്ലിന്റെ പരാജയം രാജ്യത്തിന് ലഭിച്ച വിജയമാണ്. ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന് ലഭിച്ച വലിയൊരു നേട്ടമാണ്. ഫെഡറല്‍ ഘടനയെ അട്ടിമറിക്കാനുള്ള ഗൂഢാലോചന പരാജയപ്പെട്ടു. ഇത് ഭരണഘടനയ്ക്കും പ്രതിപക്ഷ ഐക്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും ലഭിച്ച വിജയമാണ്,’ അവര്‍ പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട വിശാലമായ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വനിതാ സംവരണത്തെ ഒരു കരുവാക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അധികാരത്തില്‍ തുടരുക എന്ന ലക്ഷ്യം മാത്രമാണ് ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നത്. 2029-ന് മുമ്പ് മണ്ഡല പുനര്‍നിര്‍ണയം നടന്നില്ലെങ്കില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനാണ് അവര്‍ ശ്രമിച്ചത്.

ബില്‍ പാസായാലും ഇല്ലെങ്കിലും രാഷ്ട്രീയ നേട്ടം കൊയ്യാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ബില്‍ പാസായിരുന്നെങ്കില്‍ അതൊരു വലിയ നേട്ടമായി ചിത്രീകരിക്കാമായിരുന്നു.

ബില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തെ സ്ത്രീവിരുദ്ധര്‍ എന്ന് മുദ്രകുത്താനും തങ്ങളെ സ്ത്രീകളുടെ രക്ഷകരായി അവതരിപ്പിക്കാനും അവര്‍ ശ്രമിക്കുന്നു. എന്നാല്‍ ‘സ്ത്രീകളുടെ മിശിഹയാകുക’ എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രിയങ്ക പറഞ്ഞു.

സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ബി.ജെ.പിയുടെ മുന്‍കാല നിലപാടുകളെയും പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തു. ഹാത്രാസിലെ പെണ്‍കുട്ടിയോട് കാട്ടിയ ക്രൂരതയും ഒളിമ്പിക് മെഡല്‍ ജേതാക്കളായ വനിതാ ഗുസ്തി താരങ്ങള്‍ തെരുവില്‍ നേരിട്ട അവഗണനയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബി.ജെപിക്കെതിരെ പ്രിയങ്ക തിരിച്ചടിച്ചത്. സ്ത്രീകളുടെ കാര്യത്തില്‍ ബി.ജെ.പിയുടെ ആത്മാര്‍ത്ഥത എത്രത്തോളമാണെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

വനിതാ സംവരണത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല. എന്നാല്‍ അതിനെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നതിനെയാണ് പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നത്. നിലവിലുള്ള 543 അംഗങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ 2023-ലെ വനിതാ സംവരണ നിയമം ഉടനടി നടപ്പിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

‘നിങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യണമെന്നുണ്ടെങ്കില്‍, 2023-ലെ നിയമം തിരികെ കൊണ്ടുവന്ന് ഇപ്പോള്‍ തന്നെ നടപ്പിലാക്കുക. ചെറിയ ഭേദഗതികള്‍ ആവശ്യമാണെങ്കില്‍ അത് ചെയ്യാം, പക്ഷേ സ്ത്രീകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കാന്‍ വൈകരുത്,’പ്രിയങ്ക പറഞ്ഞു.

ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശങ്ങളെയും പ്രിയങ്ക വിമര്‍ശിച്ചു. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരണപക്ഷത്തേക്ക് തിരിച്ചുവരില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ബി.ജെ.പിയുടെ അഹങ്കാരത്തെയും മാനസികാവസ്ഥയെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഭരണഘടന (131ാം ഭേദഗതി) ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടിരുന്നു. ലോക്സഭാ അംഗബലം 543-ല്‍ നിന്ന് 816 ആയി ഉയര്‍ത്താനും നിയമസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുദ്ദേശിച്ചുള്ളതുമായിരുന്നു ബില്‍.

298 പേര്‍ അനുകൂലിച്ചും 230 പേര്‍ എതിര്‍ത്തും വോട്ട് ചെയ്‌തെങ്കിലും, ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പരാജയപ്പെട്ടു.

Content Highlight: We saw what happened in Hathras, what happened to our Olympic medallists, priyanka hits centre