യു.എസില്‍ വൈദഗ്ധ്യമുള്ളവര്‍ കുറവ്; ലോകത്തിന്റെ ഓരോ കോണില്‍ നിന്നും കഴിവുള്ളവരെ എത്തിക്കണം; H1-B വിസ ഇളവില്‍ ട്രംപ്
Donald Trump
യു.എസില്‍ വൈദഗ്ധ്യമുള്ളവര്‍ കുറവ്; ലോകത്തിന്റെ ഓരോ കോണില്‍ നിന്നും കഴിവുള്ളവരെ എത്തിക്കണം; H1-B വിസ ഇളവില്‍ ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2025, 3:01 pm

വാഷിങ്ടണ്‍: H1-B വിസയുടെ ഫീസ് കുത്തനെ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള തീരുമാനങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ്.

യു.എസിലേക്ക് ലോകമെമ്പാട് നിന്നും കഴിവുള്ളവരെ എത്തിക്കണമെന്ന് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

H1-B വിസ ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടിയോടെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

അമേരിക്കയ്ക്ക് ചില മേഖലകളില്‍ പ്രതിഭകളുടെ കുറവുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിവുള്ളവരെ എത്തിക്കണമെന്ന് ട്രംപ് പറഞ്ഞു.

H-1B വിസയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് തന്റെ ഭരണകൂടം പ്രാധാന്യം നല്‍കുന്നത് സംബന്ധിച്ച് ഫോക്‌സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ട്രംപ്.

അമേരിക്കയിലെ പൗരന്മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍ വിദേശികളായ ലക്ഷക്കണക്കിന് തൊഴിലാളികളെ കൊണ്ട് രാജ്യം നിറയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ രാജ്യത്ത് ചില പ്രത്യേക കഴിവുകളുള്ളവരുടെ കുറവുണ്ടെന്നും യു.എസ് പൗരന്മാര്‍ അക്കാര്യം പഠിക്കേണ്ടതുണ്ടെന്നും ട്രംപ് പ്രതികരിച്ചു. കഴിവും പരിചയ സമ്പത്തും ഇല്ലാത്തവരെകൊണ്ട് എല്ലാ ജോലികളും ചെയ്യിക്കാനാകില്ലെന്നും രാജ്യത്തിന് കൂടുതല്‍ വിദേശ തൊഴിലാളികളെ ആവശ്യമാണെന്ന സൂചന നല്‍കിക്കൊണ്ട് ട്രംപ് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകളെ രാജ്യത്തെ കമ്പനികളില്‍ നിയമിക്കാന്‍ അനുവദിക്കുന്ന വിസയാണ് H1-B വിസ.

സെപ്റ്റംബര്‍ 21നാണ് യു.എസ് H1-B വിസ പദ്ധതിയില്‍ വലിയ മാറ്റം കൊണ്ടുവന്നത്. വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തി കൊണ്ട് ഉത്തരവിടുകയായിരുന്നു ട്രംപ് ഭരണകൂടം.

ഇതോടെ ഇന്ത്യയില്‍ നിന്നടക്കമുള്ള ഐ.ടി, മെഡിക്കല്‍ രംഗത്തെ പ്രൊഫഷണലുകള്‍ എന്നിവരെ ഈ നീക്കം മോശമായി ബാധിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്കയും അറിയിച്ചിരുന്നു. ഈ തീരുമാനം മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

അതേസമയം, H1-B വിസയ്ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് എന്നത് വാര്‍ഷിക ഫീസല്ലെന്നും ഒറ്റത്തവണ അടച്ചാല്‍ മതിയാകുമെന്നും നിലവില്‍ യു.എസിന്റെ വിസയുള്ളവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകില്ലെന്നും യു.എസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചിരുന്നു.

വിസ അപേക്ഷ സമയത്താണ് ഈ തുക അടയ്‌ക്കേണ്ടത് എന്നായിരുന്നു വിശദീകരണം.

Content Highlight: We need to bring in talented people from around the world; Trump on H1-B visa exemption