ലഖ്‌നൗ: ദേശീയ ഗീതമായ വന്ദേമാതരം എതിർക്കുന്നവർ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും അപമാനിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അഖിലേന്ത്യാ മുസ്‌ലിം ലീഗ് നേതാക്കളായ മുഹമ്മദ് അലി ജിന്നയെയും മുഹമ്മദ് അലി ജൗഹറിനെയും അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കാൻ ഒരു ജിന്നയും ഉയർന്നുവരില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
‘ജാതിയുടെയോ, പ്രദേശത്തിന്റെയോ, ഭാഷയുടെയോ പേരിൽ സമൂഹത്തെ വിഭജിക്കുന്ന എല്ലാ ഘടകങ്ങളെയും തിരിച്ചറിഞ്ഞ് എതിർക്കണം. ഈ വിഭജനങ്ങൾ പുതിയ ജിന്നകളെ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. അത്തരം വിഭജന ഉദ്ദേശ്യങ്ങൾ വേരൂന്നുന്നതിന് മുമ്പ് തന്നെ അത് കുഴിച്ചുമൂടണം,’ അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്നും ഇന്ത്യയുടെ ഐക്യത്തെ ദുർബലപ്പെടുത്തുന്നവരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരത്തെ എതിർക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിഭജനത്തിനുള്ള പിന്നിലെ ഒരു കാരണവും വന്ദേമാതരത്തോടുള്ള എതിർപ്പാണെന്നും ആദിത്യനാഥ് പറഞ്ഞു.
2025 നവംബർ ഏഴ് മുതൽ 2026 നവംബർ ഏഴ് വരെ ഒരു വര്ഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ഇന്ത്യ വന്ദേമാതരത്തിന്റെ 150 വാർഷികം ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യുന്നതിനായി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ജനഗണമനയ്ക്ക് പകരം വന്ദേമാതരം ദേശീയ ഗാനമാക്കണമെന്ന കര്‍ണാടകയിലെ ബി.ജെ.പി എം.പി വിശേശ്വര്‍ ഹെഗ്‌ഡെ കഗേരിയുടെ പരാമര്‍ശം വിവാദമായിരുന്നു.
ബംഗാളി കവി ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരകന്നഡയിലെ ഹൊന്നാവാറില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയായിരുന്നു കഗേരിയുടെ പരാമർശം.
അതേസമയം ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. വന്ദേമാതരം ഒരിക്കലും ആലപിച്ചിട്ടില്ലാത്ത ബി.ജെ.പിയും ആർ.എസ്.എസും ദേശീയതയുടെ ഉടമസ്ഥത അവകാശപ്പെടുന്നത് വിരോധാഭാസമാണെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു.
ദേശീയ ഗാനമായ ജനഗണമനയെയും കവി രവീന്ദ്രനാഥ ടാഗോറിനെയും അപമാനിക്കുന്ന കഗേരിയുടെ പരാമർശത്തിനെതിരെ കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.
Content Highlight: We must ensure that there is no more Jinnah in India: Yogi Adityanath