നയന്‍താരയുടെ അടുത്ത പടത്തിന്റെ ടിക്കറ്റ് അയച്ചുതരാം, പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ; രാധ രവിയ്ക്ക് മറുപടിയുമായി സാമന്ത
indian cinema
നയന്‍താരയുടെ അടുത്ത പടത്തിന്റെ ടിക്കറ്റ് അയച്ചുതരാം, പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ; രാധ രവിയ്ക്ക് മറുപടിയുമായി സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th March 2019, 3:08 pm

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ രാധാരവിക്ക് രുക്ഷമറുപടിയുമായി നടി സാമന്ത. നയന്‍താരയുടെ അടുത്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് അയച്ചുതരാമെന്നും പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളാനും സാമന്ത പറഞ്ഞു.

ട്വിറ്റര്‍ വഴിയായിരുന്നു സാമന്തയുടെ പ്രതികരണം. “”മിസ്റ്റര്‍ രാധാരവി നിങ്ങള്‍ക്ക് ഇപ്പോഴും പ്രാധാന്യമുണ്ടെന്ന് കാണിക്കാനുള്ള പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു, നിങ്ങളുടെ ആത്മാവില്‍ എവിടെയെങ്കിലും കുറച്ചെങ്കിലും ശാന്തി കണ്ടെത്താന്‍ കഴിയട്ടെ. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ അയച്ചുതരാം. പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ”” എന്നായിരുന്നു സാമന്തയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചായിരുന്നു രാധാരവി താരത്തിനെതിരെ മോശമായി സംസാരിച്ചത്.

Also read  സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കൂടെ സയിദ് മസൂദായി പൃഥ്വിയും; ലൂസിഫര്‍ 27ാം ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോളും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാരവി പരിഹസിച്ചു.”എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം,” എന്നും രാധാ രവി പറഞ്ഞിരുന്നു.

പൊള്ളാച്ചിയില്‍ 200ഓളം വിദ്യാര്‍ഥികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട രാധാരവിയുടെ പരാമര്‍ശവും വിവാദമായിരുന്നു.

“വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു പെണ്ണിനെ നിങ്ങള്‍ ഒരു തവണമാത്രം ബലാത്സംഗം ചെയ്യുകയാണെങ്കില്‍ അത് ചെറിയ സിനിമയാണ്. പൊള്ളാച്ചിയിലേതു പോലെ ഒരു തവണ നിങ്ങള്‍ 40 പേരെ ബലാത്സംഗം ചെയ്യുകയാണെങ്കില്‍ അത് വലിയ സിനിമയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.

സൂപ്പര്‍സ്റ്റാര്‍ പോലുള്ള വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എം.ജി.ആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

“പുഴൈയ്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനികാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍താരയെ താരതമ്യപ്പെടുത്തരുത്”. എന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് രാധാ രവിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയിരുന്നു.
DoolNews Video