ഞങ്ങൾ തമ്മിൽ ബ്രദർ സിസ്റ്റർ ബന്ധം; ആ സിനിമ ചെയ്യണോയെന്ന് ചിന്തിച്ചു: സം​​ഗീത് പ്രതാപ്
Malayalam Cinema
ഞങ്ങൾ തമ്മിൽ ബ്രദർ സിസ്റ്റർ ബന്ധം; ആ സിനിമ ചെയ്യണോയെന്ന് ചിന്തിച്ചു: സം​​ഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 6:57 am

ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിൽ സിനിമാപ്രേമികൾക്ക് ഏറെ പരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായിട്ടാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2024ൽ പുറത്തിറങ്ങിയ ലിറ്റിൽ മിസ് റാവുത്തർ എന്ന സിനിമയിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാൻ സംഗീതിന് സാധിച്ചു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവാണ് സംഗീതിനെ ജനപ്രിയനാക്കിയത്. പിന്നീട് മോഹൻലാലിന്റെ ചിത്രം തുടരുമിലും സംഗീത് ചെറിയ വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലിന്റെയൊപ്പം തന്നെയുള്ള ഹൃദയപൂർവ്വമാണ് വരാനിരിക്കുന്ന സിനിമ. കൂടാതെ മമിതക്കൊപ്പവും സം​ഗീത് അടുത്ത സിനിമ ചെയ്യുന്നുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സം​ഗീത് പ്രതാപ്.

‘ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൽ മമിതയുമായിട്ട് ഒരു സിനിമ വരാൻ പോകുകയാണ്. അതൊരു റൊമാന്റിക് ചിത്രമാണ്. ശരിക്കും അതൊരു തമാശയാണ്. ഞങ്ങൾ തമ്മിൽ ബ്രദർ സിസ്റ്റർ ബന്ധമാണ്,’ സംഗീത് പ്രതാപ് പറയുന്നു.

ഇവർ ബ്രദർ സിസ്റ്റർ ബന്ധമാണല്ലോ പറഞ്ഞുനടക്കുന്നത് എന്ന തരത്തിലുള്ള കുറച്ച് എഴുത്തുകൾ താൻ വായിച്ചിരുന്നെന്നും അവരോട് പറയാൻ ഉള്ളത് തങ്ങൾ സിനിമയിൽ ജീവിക്കുകയല്ല, അഭിനയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ സിനിമയിൽ റൊമാൻസിനെക്കാൾ ഫ്രണ്ട്ഷിപ്പാണ് കൂടുതൽ കാണിക്കുന്നതെന്നും പ്രണയത്തിലേക്ക് എത്തും എന്നുമാത്രമാണുള്ളതെന്നും സംഗീത് പ്രതാപ് പറഞ്ഞു.

പ്രേമലുവിൽ താനും നസ്‌ലെനും എങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരിക്കും ഈ ചിത്രത്തിൽ വരുമ്പോൾ താനും മമിതയുമായിട്ട് ഉണ്ടാവുന്നതെന്നും അദ്ദേഹം പറയുന്നു.

തങ്ങൾക്ക് രണ്ടുപേർക്കും എല്ലാ കൺഫ്യൂഷൻസും ഉണ്ടായിരുന്നെന്നും എന്നാൽ തങ്ങൾക്ക് കംഫർട്ടല്ലാത്ത ഒരു ഇമോഷൻലും ഹാൻഡിൽ ചെയ്യേണ്ടി വരുന്നില്ലെന്നും സംഗീത് പ്രതാപ് പറഞ്ഞു.

ആ സിനിമ ചെയ്യാമെന്നത് ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനം ആയിരുന്നെന്നും അദ്ദേഹം പറയുന്നു. ആ തീരുമാനം നന്നായിരുന്നുവെന്നാണ് തനിക്കിപ്പോൾ തോന്നുന്നതെന്നും റിയൽ ലൈഫിൽ തങ്ങൾ നല്ല കമ്പനിയാണെന്നും അത് സ്‌ക്രീനിലേക്ക് എത്തിക്കാൻ തന്നെ ഹെൽപ് ചെയ്തുവെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു സംഗീത്.

Content Highlight: We have a brother-sister relationship; I was thinking about doing that film says Sangeeth Prathap