ഇന്ത്യന്‍ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല, എന്നാല്‍ അത് പൂര്‍ണമായും ഞങ്ങളുടെ തെറ്റല്ല; അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ്‌ലി
Movie Day
ഇന്ത്യന്‍ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല, എന്നാല്‍ അത് പൂര്‍ണമായും ഞങ്ങളുടെ തെറ്റല്ല; അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ്‌ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th May 2019, 7:52 am

ന്യൂദല്‍ഹി: ഇന്ത്യന്‍ സംസ്‌കാരം ലോകത്തോട് വിളിച്ചു പറയുന്ന സിനിമകള്‍ നിര്‍മിക്കപ്പെടണമെന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രസിഡന്റ് ജോണ്‍ ബെയ്‌ലി. ഇന്ത്യന്‍ ചലച്ചിത്രങ്ങളെക്കുറിച്ച് അക്കാദമിക്കുള്ള അറിവ് പരിമിതമാണെന്നും, എന്നാല്‍ ഇതിന്‍റെ ഉത്തരവാദികള്‍ തങ്ങള്‍ മാത്രമല്ലെന്നും ബെയ്‌ലി പറയുന്നു.

എനിക്ക് പറയാനുള്ളത് ഇന്ത്യന്‍ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല എന്നാണ്. ഇത് പൂര്‍ണമായും ഞങ്ങളുടെ മാത്രം തെറ്റുമല്ല. കാരണം നിങ്ങള്‍ എന്താണെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ ഇന്ത്യ നിര്‍മിക്കേണ്ടിയിരിക്കുന്നു. ലോകം അത് കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക’- മുംബൈയില്‍ സംസാരിക്കവേ ബെയ്‌ലി പറഞ്ഞു.

‘ഇന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും സമ്പന്നമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നു, കാരണം നിങ്ങള്‍ക്ക് ഒരുപാട് സംസ്‌കാരങ്ങളും, ഭാഷകളും, പുരാണങ്ങളുമുണ്ട്. എന്നാല്‍ ഞങ്ങളില്‍ പലര്‍ക്കും ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള അറിവ് ബോളിവുഡിലെ ഫാന്റസി, മ്യൂസിക്കല്‍സ് ചിത്രങ്ങളോളം പരിമിതമാണ്. ഇത്തരം സിനിമകള്‍ നിങ്ങളുടെ സംസ്‌കാരത്തേയും മൂല്യങ്ങളേയും ആഴത്തില്‍ സമീപിക്കുന്നില്ല’- ബെയ്‌ലി പറയുന്നു.

ലോസ് ആഞ്ചലസില്‍ പുതുതായി സ്ഥാപിച്ച അക്കാദമി മ്യൂസിയത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കണമെന്ന ആശയത്തേയും, മുംബൈയില്‍ അക്കാദമി തങ്ങളുടെ കാര്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തേയും ബെയ്‌ലി പിന്തുണച്ചു.

‘ഞങ്ങള്‍ക്ക് നിലവില്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും മാത്രമാണ് ഓഫീസുകളുള്ളത്. ലോകത്തെ ഏറ്റവും വലിയ സിനിമ നിര്‍മാതാക്കളാണ് ഇന്ത്യ. ഒരു വര്‍ഷം 1,800ഓളം ചിത്രങ്ങളാണ് ഇന്ത്യ നിര്‍മിക്കുന്നത്, അമേരിക്കയില്‍ (ഹോളിവുഡില്‍) നിര്‍മിക്കുന്നതിന്റെ നാലിരട്ടി. ഓഫീസ് സ്ഥാപിക്കണമെന്നത് നല്ലൊരു ആവശ്യമാണ്’- ബെയ്‌ലി പറഞ്ഞു.