ബാലന്റെ അമ്മ ടോക്‌സിക് ആണെന്ന് സുരക്ഷിതമായ ഒരിടത്ത് ഇരുന്നുകൊണ്ട് നമുക്ക് പറയാന്‍ കഴിയില്ല: ചിദംബരം
Malayalam Cinema
ബാലന്റെ അമ്മ ടോക്‌സിക് ആണെന്ന് സുരക്ഷിതമായ ഒരിടത്ത് ഇരുന്നുകൊണ്ട് നമുക്ക് പറയാന്‍ കഴിയില്ല: ചിദംബരം
ആര്യ.പി
Wednesday, 15th July 2026, 2:23 pm

ബാലന്‍ ദി ബോയിലെ അമ്മയെ കുറിച്ചും ആ കഥാപാത്രത്തിന്റെ സ്വഭാവരൂപീകരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ചിദംബരം.

സിനിമകളിലെ സോ കോള്‍ഡ് അമ്മ സങ്കല്‍പ്പത്തില്‍ നിന്ന് വ്യത്യസ്തമായൊരു അമ്മയാണ് ബാലനിലേത്. സിനിമയുടെ റിലീസിന് പിന്നാലെ അമ്മയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

അതിലൊന്ന് ആ കഥാപാത്രത്തിന്റെ ടോക്‌സിസിറ്റിയുമായി ബന്ധപ്പെട്ടതായിരുന്നു. ബാലന്റെ ടോക്‌സിക്കായ അമ്മ കഥാപാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അതിനെ ഗ്ലോറിഫൈ ചെയ്യരുതെന്നുമുള്ള ചര്‍ച്ചകള്‍ വന്നു. ബാലന്റെ അമ്മയുടെ കഥാപാത്രത്തെ കുറിച്ചുള്ള തന്റെ നിലപാടുകള്‍ വിശദീകരിക്കുകയാണ് സംവിധായകന്‍ ചിദംബരം.

മലയാള സിനിമയിലെ അമ്മ എന്ന സങ്കല്പത്തെ മാറ്റാന്‍ വേണ്ടി ബോധപൂര്‍വ്വം ചെയ്തതല്ല ഇതെന്നും കഥയുടെ സ്വഭാവം അങ്ങനെയായതുകൊണ്ടാണ് ആ കഥാപാത്രം അത്തരത്തിലായതെന്നും ചിദംബരം ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഒരു കുറ്റകൃത്യത്തിന് ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങിയ ആളാണ് അവര്‍. അത് അമ്മയായാലും അച്ഛനായാലും, ആണായാലും പെണ്ണായാലും ഒരു കുറ്റകൃത്യത്തിന് ശേഷം പുറത്തിറങ്ങുകയാണ്. സ്വാഭാവികമായും അവരുടെ മാനസികാവസ്ഥ മറ്റൊന്നായിരിക്കും.

അവര്‍ക്ക് ആരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും, എപ്പോഴും ഭയപ്പാടുണ്ടാകും. ആരേയും വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ പറയുന്ന കഥ ശരിയാണെങ്കില്‍, അവര്‍ ഒരാളുമായി പ്രണയത്തിലായി. അയാളില്‍ ഒരു കുട്ടിയുണ്ടായി. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളെ കൊല്ലേണ്ടി വന്നു. തടവറയില്‍ വെച്ച് കുട്ടിക്ക് ജന്മം കൊടുക്കുന്നു. ആരെയോ വിശ്വസിച്ചതാണ് അവര്‍ക്ക് പറ്റിയ തെറ്റ്. പിന്നെ ജയിലിനകത്ത് സര്‍വൈവ് ചെയ്യലും ഈസിയല്ല. അവിടേയും ആരേയും വിശ്വസിക്കാന്‍ പറ്റില്ല.

ഇത്രയധികം പ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ക്ക് പ്രത്യേക ശ്രദ്ധയോ ചികിത്സയോ ആവശ്യമായി വന്നേക്കാം. എന്നാല്‍ അതൊന്നും ലഭിക്കാതെയാണ് അവര്‍ വീണ്ടും സമൂഹത്തിലേക്ക് വരുന്നത്. അവിടെയും അവര്‍ രക്ഷപ്പെടാനായി ഓടുകയാണ്. അവരുടെ പിറകില്‍ ഷംനത്ത വരുന്നു. അവര്‍ക്കാണ് ഇവരുടെ ഐഡന്റിറ്റി അറിയുന്നത്. അവര്‍ ഒരു ഭീഷണിയാണ്.

അത്തരത്തില്‍ അവരുടേത് ഒരു വേറെ ലോകമാണ്. നമുക്ക് ഇങ്ങനെ ഇരുന്നുകൊണ്ട് അവരും അവരുടെ ലോകവും ടോക്‌സിക് ആണോ അല്ലയോ എന്ന് പറയാന്‍ കഴിയില്ല. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്.

സൊസൈറ്റിയുടെ അരികുകളില്‍ കഴിയുന്നവരുടെ ലോകം നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പത്രവാര്‍ത്തകളില്‍ മാത്രം നമ്മള്‍ വായിക്കുന്ന അത്തരത്തിലുള്ളവരുടെ ജീവിതം നമുക്ക് അപരിചിതമായ ലോകമാണ്.

നമ്മള്‍ സുരക്ഷിതമായ ഒരു ഇടത്തിരുന്ന് ഈ സിനിമ കാണുമ്പോഴാണ് അത് ആസ്വദിക്കാന്‍ പറ്റുന്നത്. കാരണം പടം കഴിഞ്ഞാല്‍ നമ്മള്‍ നമ്മുടെ സുരക്ഷിതമായ വീട്ടിലേക്കാണ് പോകുന്നത്. നമുക്ക് കൃത്യമായ ഐഡന്റിറ്റിയും നാളെയെക്കുറിച്ച് പ്രതീക്ഷകളുമുണ്ട്. ആ ഒരു സുരക്ഷിതത്വമുള്ളതുകൊണ്ടാണ് പുറത്തിരുന്ന് നമുക്ക് ആ സിനിമയെ ഒരു പടമായി ആസ്വദിക്കാന്‍ പറ്റുന്നത്,’ ചിദംബരം പറഞ്ഞു.

Content Highlight: We cannot say whether Balan’s mother is toxic or not while sitting in a safe space Chidambaram

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.