ഞങ്ങൾ അവരുടെ യുദ്ധവിമാനങ്ങൾ ലക്ഷ്യംവെക്കുന്നു, അവർ ഞങ്ങളുടെ സാധാരണക്കാർക്ക് നേരെ ബോംബെറിയുന്നു: ഉക്രൈൻ വിദേശകാര്യ മന്ത്രി
World News
ഞങ്ങൾ അവരുടെ യുദ്ധവിമാനങ്ങൾ ലക്ഷ്യംവെക്കുന്നു, അവർ ഞങ്ങളുടെ സാധാരണക്കാർക്ക് നേരെ ബോംബെറിയുന്നു: ഉക്രൈൻ വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th June 2025, 7:58 am

കീവ്: തങ്ങൾ റഷ്യൻ യുദ്ധവിമാനങ്ങൾ ലക്ഷ്യം വെക്കുമ്പോൾ അവർ സാധാരണ ജനങ്ങളെ ലക്ഷ്യംവെക്കുന്നുവെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. ഓപ്പറേഷൻ സ്പൈഡർവെബിൽ ട്രക്കുകളുടെ മുകളിൽ ഒളിപ്പിച്ച ക്വാഡ്‌കോപ്റ്റർ ഡ്രോണുകൾ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളിലായി ഉക്രൈൻ റഷ്യയുടെ തന്ത്രപരമായ ബോംബർ വിമാനങ്ങൾ നശിപ്പിച്ചിരുന്നു. പിന്നാലെ റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുകയായിരുന്നു ആൻഡ്രി സിബിഹ.

‘ഞങ്ങൾ നശിപ്പിച്ച വിമാനങ്ങൾക്ക് അവർ പ്രതികാരം ചെയ്തു. ഉക്രൈനിലെ സാധാരണക്കാരെ ആക്രമിച്ചുകൊണ്ട്. ആക്രമണത്തിൽ നിരവധി ബഹുനില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു,’ അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നലെ കീവിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതായി ഉക്രൈനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യയുടെ ആവർത്തിച്ചുള്ള ആക്രമണത്തിൽ മൂന്ന് അടിയന്തര ജീവനക്കാർ കൊല്ലപ്പെട്ടതായി ഉക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.

വടക്കൻ നഗരമായ ചെർണിഹിവിൽ നടന്ന ആക്രമണത്തിൽ രണ്ട് പേരും വടക്കുപടിഞ്ഞാറൻ നഗരമായ ലുട്‌സ്കിൽ കുറഞ്ഞത് ഒരാളും മരിച്ചു. ഉക്രൈനിലുടനീളമുള്ള ആക്രമണങ്ങളിൽ എൺപത് പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം ഉക്രൈനിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലേക്ക് റഷ്യ നടത്തിയ ആക്രമണങ്ങളിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റതായാണ് അധികൃതര്‍ അറിയിക്കുന്നത്. റീജിയണല്‍ ഗവര്‍ണര്‍ ഒലെ സിനിഹുബോവ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ആക്രമണത്തില്‍ ഏഴ് അപ്പാര്‍ട്ടമെന്റ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഖാര്‍കീവ് മേയര്‍ അറിയിച്ചു. ഖാര്ഖിവ് മേയര്‍ ഇഹോര്‍ തെരഖോവ് ടെലിഗ്രാമിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

രണ്ട് കെട്ടിടങ്ങളുടെ ഉള്ളിലേക്ക് ഡ്രോണ്‍ ആക്രമണമുണ്ടാവുകയായിരുന്നുവെന്നും 17 ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലും രണ്ടാം നിലയിലും ആക്രമണമുണ്ടായതായി മേയര്‍ പറഞ്ഞു. അതേസമയം ആക്രമണത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.

നേരത്തെ തടവുകാരെ കൈമാറുന്നതിനിടെ റഷ്യ ഉക്രൈനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. 13 പേരായിരുന്നു അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

367 ഡ്രോണുകളും മിസൈലുകളും ഉക്രൈന്‍ നഗരങ്ങളിലേക്ക് റഷ്യ അയച്ചുവെന്നും ബാരേജില്‍ കീവ്, ഖാര്‍കിവ്, മൈക്കോലൈവ്, ടെര്‍നോപില്‍, ഖ്മെല്‍നിറ്റ്സ്‌കി എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നത്.

ഉക്രൈനിന്റെ വ്യോമസേന 266 ഡ്രോണുകളും 45 മിസൈലുകളും വെടിവെച്ച് വീഴ്ത്തിയെന്നും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. നാല് മണിക്കൂറിനുള്ളില്‍ 95 ഉക്രേനിയന്‍ ഡ്രോണുകള്‍ വെടിവച്ചതായും 12 എണ്ണം മോസ്‌കോയ്ക്ക് സമീപം തടഞ്ഞതായും റഷ്യ അവകാശപ്പെട്ടിരുന്നു.

 

Content Highlight: We bomb their warplanes, they bomb our civilians, says foreign minister