തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ ദളിത്-സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സമീപനങ്ങളില്‍ അതിശക്തമായി അപലപിക്കുന്നുവെന്ന് ഡബ്ലിയു.സി.സി. മാറ്റം നാളെയല്ല ഇന്നാണെന്നും ഡബ്ലിയു.സി.സി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സംഘടനയുടെ പ്രതികരണം.
ഫിലിം കോണ്‍ക്ലേവിലും അതിനുശേഷമുള്ള ദിവസങ്ങളിലും മലയാള സിനിമയിലെ പുതിയ സ്ത്രീ-ദളിത് സംവിധായകരുടെ സിനിമാ പരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ സവര്‍ണ-ജാതീയ-ലിംഗഭേദ വീക്ഷണം ജനമധ്യത്തില്‍ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നുവെന്നും ഡബ്ലിയു.സി.സി പറഞ്ഞു.
സംവിധായകന്റെ പ്രസംഗത്തിനെതിരെ പ്രതികരിച്ച പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ-ദളിത് വിരുദ്ധ നിലപാടുകള്‍ അടൂര്‍ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണെന്നും ഡബ്ലിയു.സി.സി ചൂണ്ടിക്കാട്ടി.
കൂടാതെ മലയാള സിനിമയില്‍ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയര്‍ത്തി നില്‍ക്കുന്ന ഉര്‍വശിയെയും സാന്ദ്ര തോമസിനെയും അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മലയാള സിനിമാലോകത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പറയുന്ന ഈ സ്ത്രീ ശബ്ദങ്ങള്‍ അന്യമാണെന്നും ഡബ്ലിയു.സി.സി ചൂണ്ടിക്കാട്ടി.
‘പ്രഗത്ഭ നടി ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ് നിര്‍ണയ തീരുമാനത്തിനെതിരെയാണ്. സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയില്‍ നിന്ന് പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്ര തോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയാണ് പടപോരുതുന്നത്. ശ്വേതാ മേനോന്‍ അടക്കമുള്ള, സിനിമാ സംഘടനകളുടെ മുന്‍ നിരയിലേക്ക് വരുന്ന സ്ത്രീകളോടും പുലര്‍ത്തിപ്പോരുന്ന നിലപാടുകളെയും ഡബ്ലിയു.സി.സി അപലപിക്കുന്നു,’ പ്രസ്താവനയില്‍ പറഞ്ഞു.
ഈ സ്ത്രീകള്‍ വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്നവരാണ്. ഇവരെല്ലാവരും തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളില്‍ നിശബ്ദരായി നില്‍ക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുമാണെന്നും ഡബ്ലിയു.സി.സി പ്രതികരിച്ചു.
Content Highlight: Female voices expressing dissent in Malayalam cinema are alien; WCC expresses support, including for Sandra