സുതാര്യതയ്ക്കും വിവരത്തിനുമുള്ള പൊതുജനങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്തുന്നു; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമണങ്ങള്‍ക്കെതിരെ ഡബ്ല്യു.സി.സി
Kerala
സുതാര്യതയ്ക്കും വിവരത്തിനുമുള്ള പൊതുജനങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്തുന്നു; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമണങ്ങള്‍ക്കെതിരെ ഡബ്ല്യു.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st January 2022, 4:48 pm

മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായ അക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഡബ്ലൂ.സി.സി. മാധ്യമങ്ങള്‍ക്കെതിരെ നിരന്തരമായി ആക്രമണങ്ങളിലൂടെ സുതാര്യതയ്ക്കും വിവരത്തിനുമുള്ള പൊതുജനങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്തുന്നതിനെ ഡബ്ല്യു.സി.സി ശക്തമായി അപലപിക്കുന്നു എന്ന് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാറിനെതിരെ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞതിന് പിന്നാലെയാണ് ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് വന്നതെന്നതും ശ്രദ്ധേയമാണ്.

‘മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള നിരന്തരമായ ആക്രമണങ്ങളിലൂടെ സുതാര്യതയ്ക്കും വിവരത്തിനുമുള്ള പൊതുജനങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്തുന്നതിനെ ഡബ്ല്യു.സി.സി ശക്തമായി അപലപിക്കുന്നു. ഡബ്ല്യുസിസി എന്നും ധാര്‍മ്മികവും പക്ഷപാതരഹിതവുമായ മാധ്യമപ്രവര്‍ത്തനത്തിനൊപ്പം,’ എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും എം.ഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തത്.

ദിലീപിന്റെ ഹരജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഐ.പി.സി സെക്ഷന്‍ 228 എ(3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിചാരണക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആരോപണം.

അതേസമയം സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്നായിരുന്നു മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കിയത്. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു.

നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.


Content Highlight: wcc facebook mpost against the attacks on the media