ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നായിരുന്നു സ്റ്റേറ്റ്മെന്റ്; ആക്രമിക്കപ്പെട്ട നടിയെ നടന്‍ ബാബുരാജ് അപമാനിച്ചെന്ന് പാര്‍വ്വതി
Women in Cinema Collective
ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നായിരുന്നു സ്റ്റേറ്റ്മെന്റ്; ആക്രമിക്കപ്പെട്ട നടിയെ നടന്‍ ബാബുരാജ് അപമാനിച്ചെന്ന് പാര്‍വ്വതി
ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 5:11 pm

കൊച്ചി: എ.എം.എം.എയും ഡബ്ല്യു.സി.സിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന നിലപാടാണ് എടുത്തതെന്നും നടന്‍ ബാബുരാജ് അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നും ഡബ്ല്യു.സി.സി മെമ്പര്‍ പാര്‍വതി.

കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു പാര്‍വതിയുടെ തുറന്നു പറച്ചില്‍. ചൂട് വെള്ളത്തില്‍ വീണ പൂച്ചയെന്നാണ് ബാബു രാജ് വിശേഷിപ്പിച്ചതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പാര്‍വ്വതി പറഞ്ഞു.

അന്ന നടന്ന ചര്‍ച്ചയില്‍ വളരെ കുറച്ച് പേര്‍മാത്രമാണ് ഒരു വര്‍ഷത്തിലേക്ക് തീരുമാനം മാറ്റി വെയ്ക്കേണ്ട ഇപ്പോള്‍ തന്നെ തീരുമാനം എടുക്കാം എന്ന് പറഞ്ഞത്. നമുക്ക് അറിയില്ല അത് സത്യമായിരുന്നോ നുണയായിരുന്നോ എന്ന്.

മീഡിയയുമായി സംസാരിക്കരുത് എന്നായിരുന്നു പല പ്രാവശ്യം പറഞ്ഞതെന്നും പാര്‍വ്വതി പറഞ്ഞു. 5 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിക്ക് നേരെ ഒരു ആക്രമണം നടന്നിട്ടും എ.എം.എം.എ വേണ്ട പിന്തുണ നല്‍കിയില്ലെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും പറഞ്ഞു.

സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ അഡ്രസ് ചെയ്യാന്‍ വേദി വേണം. ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സ്ത്രീകള്‍ ശക്തമായ നിലപാട് എടുക്കുന്ന സമയമാണ്. സ്ത്രീകള്‍ പറയുന്നത് കേള്‍ക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്ന സമയമാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും അങ്ങനെയെല്ല. ഞങ്ങളുടെ സിനിമാ സംഘടനയില്‍ നിന്നും വെറും വാക്കുകളല്ലാതെ വേറൊന്നും ഉണ്ടാകുന്നില്ല.

അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ വെറും നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. മൂന്ന് പേരുടെ പേരുകള്‍ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഞങ്ങളെ വേദനിപ്പിക്കുന്നതായിരുന്നു. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ നടക്കുന്നത്. -രേവതി പറഞ്ഞു.