ഫിഫ ലോകകപ്പ് 2026ല്‍ പോര്‍ച്ചുഗലും ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് കോംഗോയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകകപ്പ് മത്സരത്തിന് മുന്നോടിയി ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ചയാകുന്നത്.
2026 ലോകകപ്പിനെക്കുറിച്ചുള്ള തന്റെ പ്രവചനത്തില്‍ ഫൈനലില്‍ ഇംഗ്ലണ്ട് പോര്‍ച്ചുഗലിനെ നേരിടുകയും കിരീടം നേടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിച്ചത്. റൂണി ഇംഗ്ലണ്ടിനെ ടൂര്‍ണമെന്റിലെ പ്രധാന കിരീട ഫേവറിറ്റുകളിലൊന്നായി വിലയിരുത്തിയതോടൊപ്പം, പോര്‍ച്ചുഗലിനും മികച്ച സ്‌ക്വാഡുണ്ടെന്ന് അഭിപ്രായപ്പെട്ടു.
‘ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിന് കിരീടം നേടാന്‍ മികച്ച അവസരമുണ്ട്. പോര്‍ച്ചുഗലും ശക്തമായ ടീമാണ്. ഫൈനലില്‍ ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയാല്‍ അത് മികച്ച മത്സരമായിരിക്കും,’ റൂണി പറഞ്ഞു.
അതേസമയം 41ാം വയസിലും ദേശീയ ടീമിന്റെ പ്രധാന പ്രതീക്ഷയായി തുടരുന്ന റൊണാള്‍ഡോ, ലോകകപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുക. ഇതുവരെ സ്വന്തം ടീമിന് ഒരു ലോകകപ്പ് നേടിക്കൊടുത്തില്ല എന്ന പഴി വാക്കുകളെ നേരിടാന്‍ തയ്യാറായാണ് റോണോ ഡി.ആര്‍ കോംഗോയെ നേരിടാനെത്തുന്നത്.
മാത്രമല്ല ഇത്തവണ പല റെക്കോഡുകളും റോണോ തിരുത്തിക്കുറിക്കുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ ഏഴ് ഗോള്‍ നേടിയാല്‍ ലോക ചരിത്രത്തില്‍ 150 അന്തരാഷ്ട്ര ഗോള്‍ സ്വന്തമാക്കുന്ന ആദ്യ താരമാകാനാണ് റോണോയ്ക്ക് സാധിക്കുക. മാത്രമല്ല ആറാം ലോകകപ്പ് കളിക്കുന്ന റോണോ ഡി.ആര്‍ കോംഗോയ്‌ക്കെതിരെ ഗോള്‍ നേടിയാല്‍ ആറ് വ്യത്യസ്ത ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ താരമായും ചരിത്രം കുറിക്കും.
Content Highlight: Wayne Rooney says England will beat Portugal in the 2026 FIFA World Cup final