കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസിന്റെ പേരില്‍ സിനിമയില്‍ അഭിനയിക്കാനെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി യുവതിക്ക് നേരെ പീഡനശ്രമം.
സംഭവത്തില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ വേഫറെര്‍ ഫിലിംസ് പരാതി നല്‍കി. തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് സിനിമാ നിര്‍മാണ കമ്പനി പരാതി നല്‍കിയത്. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ വേഫറെര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി.
നിലവില്‍ വേഫറെര്‍ ഫിലിംസിന്റെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിനില്‍ ബാബുവിനെതിരെ യുവതിയും പരാതിപ്പെട്ടിട്ടുണ്ട്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ മലയാള സിനിമയുടെ ഭാഗമാകാനാകില്ലെന്ന് ദിനില്‍ ഭീഷണിപ്പെടുത്തിയായി യുവതി പരാതിയില്‍ പറയുന്നു.
പനമ്പിള്ളി നഗറിലുള്ള വേഫറെര്‍ ഫിലിംസിന്റെ ഓഫീസിനടുത്തുള്ള കെട്ടിടത്തിലേക്കാണ് യുവതിയെ ദിനില്‍ വിളിച്ചുവരുത്തിയത്.
ഇവിടെയെത്തിയ യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സിനിമയെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ദിനില്‍ വിളിച്ചുവരുത്തിയത്.
സംഭവത്തെ കുറിച്ച് പിന്നീട് ചോദ്യം ചെയ്തപ്പോള്‍ പണം വാഗ്ദാനം ചെയ്തെന്നും യുവതി പറയുന്നു. തക്കസമയത്ത് ഭര്‍ത്താവ് സംഭവസ്ഥലത്തെത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞു.
പരാതി നല്‍കിയതിന് പിന്നാലെ ദിനില്‍ ബാബുവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വേഫറെര്‍ ഫിലിംസ് വ്യക്തമാക്കി. വേഫറെര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകള്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫറെര്‍ ഫിലിംസിന്റെയോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി മാത്രമേ അറിയിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു.
Content Highlight: Wayfarer Films files complaint against associate director in casting couch