തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലേക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിനായി ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനുമായി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്റെ ബില്‍ സമര്‍പ്പിക്കുന്നതിനനുസരിച്ച് തുക കൈമാറാനാണ് തീരുമാനം.
കിഫ്ബിയുടെ കീഴിലുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ കിഫ്കോണിന്റെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മാണം. ഏഴ് സെന്റില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയിലാണ് മുഴുവന്‍ വീടുകളും.
ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട 178 കുടുംബങ്ങളാണ് ആദ്യ ഫേസില്‍ ഉള്‍പ്പെട്ടിരുന്നത്. വീട് നിര്‍മാണം തുടങ്ങി 320ാം ദിവസമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം, കേരളത്തിലെ പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അനുമതി നല്‍കിയിരുന്നു. കൃഷിക്കും ഗൃഹ നിര്‍മാണത്തിനും മറ്റുമായി പതിച്ചുനല്‍കിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റു തരത്തില്‍ വിനിയോഗിക്കുന്നതിന് അനുമതി നല്‍കുന്ന ചട്ടങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.