വയനാടിനെ വെറുമൊരു 'സുരക്ഷിത മണ്ഡലമായി മാത്രം കാണരുത്; ജനപ്രതിനിധികള്‍ ഉത്തരവാദിത്തം കാട്ടണം: കാന്തപുരവും ബുഖാരി തങ്ങളും
Kerala
വയനാടിനെ വെറുമൊരു 'സുരക്ഷിത മണ്ഡലമായി മാത്രം കാണരുത്; ജനപ്രതിനിധികള്‍ ഉത്തരവാദിത്തം കാട്ടണം: കാന്തപുരവും ബുഖാരി തങ്ങളും
നിഷാന. വി.വി
Tuesday, 6th January 2026, 12:01 pm

കല്‍പറ്റ: ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ പ്രതിനിധീകരിക്കുന്നതിന്റെ ഗുണം വയനാട്ടിലെ സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും കേരളാ മുസ്‌ലിം ജമഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങളും.

വയനാട് നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി ‘മനുഷ്യര്‍ക്കൊപ്പം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന കേരളാ യാത്രയ്ക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

വയനാടിന്റെ ശബ്ദം ഡല്‍ഹിയില്‍ മുഴങ്ങണം: കാന്തപുരം

വയനാട് ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ്. പ്രമുഖ നേതാക്കള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമാകുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ട്. പുനരധിവാസ പദ്ധതികള്‍ ഉള്‍പ്പെടെ വയനാടിന് അവകാശപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ കൂടുതല്‍ പരിശ്രമം ആവശ്യമാണ്. പ്രമുഖര്‍ പ്രതിനിധികളായി വന്നിട്ടും നാട് പിന്നോക്കാവസ്ഥയില്‍ തുടരുന്നത് ഖേദകരമാണെന്നും, വയനാടിനായി സമഗ്ര വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അവര്‍ മുന്‍കൈ എടുക്കണമെന്നും കാന്തപുരം പറഞ്ഞു.

രാത്രിയാത്ര നിരോധനവും ചുരത്തിലെ ഗതാഗതക്കുരുക്കും പ്രാദേശിക പ്രശ്നമായി കാണരുത്. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാത എന്ന നിലയില്‍ അന്തര്‍സംസ്ഥാന ഇടപെടലുകളിലൂടെ ഇതിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാടിന്റെ വികസനം ഇന്ത്യക്ക് മാതൃകയാകണം: ബുഖാരി തങ്ങള്‍

ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നിനെ പ്രതിനിധീകരിക്കുന്നവര്‍ എന്ന നിലയില്‍ വയനാട്ടിലെ ജനപ്രതിനിധികള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് രാജ്യത്തെ മറ്റ് പിന്നോക്ക മേഖലകള്‍ക്ക് കൂടി ഒരു മാതൃകയാകണം.

എളുപ്പത്തില്‍ ജയിക്കാവുന്ന മണ്ഡലം എന്നതിലുപരി, വെല്ലുവിളികള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട ഇടമായി വയനാടിനെ കാണണം. ഇക്കാര്യം എം.പിമാരും എം.എല്‍.എമാരും ഗൗരവത്തോടെ പരിഗണിക്കണമെന്നും ബുഖാരി തങ്ങള്‍ ഉണര്‍ത്തി. എളുപ്പത്തില്‍ ജയിക്കുന്ന മണ്ഡലം എന്ന നിലയിലല്ല, ഏറ്റവും പ്രയാസത്തില്‍ മാത്രം കാര്യങ്ങള്‍ നേടിയെടുക്കാനും നടപ്പിലാക്കാനും കഴിയുന്ന പ്രദേശം എന്ന അധിക ഉത്തരവാദിത്വമാണ് ഇവിടുത്തെ ജനപ്രതിനിധികള്‍ ഏറ്റെടുക്കേണ്ടത്. ഇക്കാര്യം ഞാന്‍ ഇവിടുത്തെ എം പിയോടും എം എല്‍ എ മാരോടും പ്രത്യേകം ഉണര്‍ത്തുകയാണ്. അദ്ദേഹം പറഞ്ഞു

Content Highlight: Wayanad should not be seen as just a ‘safe constituency’; people’s representatives should be held accountable: Kanthapuram and Bukhari Thanlam

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.