കല്‍പ്പറ്റ: നിയമനക്കോഴ വിവാദത്തിന് പിന്നാലെ വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാണ്. മുന്‍ ഡി.സി.സി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ രണ്ടാം പ്രതിയും കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥന്‍ മൂന്നാം പ്രതിയുമാണ്. എന്‍.എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് പേരുടെയും പേരുള്‍പ്പെട്ടിരുന്നു.
കേസില്‍ അന്വേഷണം നടത്തിയ എസ്.ഐ.ടി തലവന്‍ ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലെ സംഘം ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
എന്‍.എം വിജയന്റെ പേരില്‍ ഒന്നരക്കോടിയുടെ സാമ്പത്തിക ബാധ്യതയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബാങ്ക് ഇടപാട് രേഖകള്‍, കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ഫോണ്‍ വിളികളുടെ രേഖകള്‍, ഓഡിയോ ക്ലിപ്പുകള്‍, വിജയന്റെ ഡയറി തുടങ്ങിയ നിരവധി തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നൂറോളം പേരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അര്‍ബന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പണം തട്ടിയ സംഭവം വിവാദമായതോടെ ഈ ബാധ്യത തീര്‍ക്കാനായി ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്‍ പണം മുടക്കിയിരുന്നു.
വീടും സ്ഥലവും പണയപ്പെടുത്തിയാണ് ഇയാള്‍ ബാധ്യത തീര്‍ത്തത്. എന്നാല്‍ പിന്നീട് ഈ ബാധ്യത തന്നില്‍ മാത്രമായി വന്നുചേര്‍ന്നതോടെ വിജയന്‍ ഭിന്നശേഷിക്കാരനായ മകനോടൊപ്പം വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. 2024 ഡിസംബര്‍ 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കഴിഞ്ഞദിവസം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത നിയമനക്കോഴ കേസിലും ഐ.സി ബാലകൃഷ്ണന്‍ ഒന്നാം പ്രതിയാണ്. ഏറെ വിവാദങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും ശേഷം എന്‍.എം വിജയന്റെ സാമ്പത്തിക ബാധ്യത കെ.പി.സി.സി നേതൃത്വം ഏറ്റെടുത്തിരുന്നു.
Content Highlight: Wayanad DCC treasurer’s death: SIT charge sheet submitted, IC Balakrishnan MLA is prime accuse