കോണ്‍ഗ്രസ് ഭരണകാലത്ത് കശ്മീരില്‍ നടന്ന അതിക്രമങ്ങളറിയാന്‍ എല്ലാവരും കശ്മീര്‍ ഫയല്‍സ് കാണണമെന്ന് അമിത് ഷാ
national news
കോണ്‍ഗ്രസ് ഭരണകാലത്ത് കശ്മീരില്‍ നടന്ന അതിക്രമങ്ങളറിയാന്‍ എല്ലാവരും കശ്മീര്‍ ഫയല്‍സ് കാണണമെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th March 2022, 12:06 pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഭരണകാലത്ത് കശ്മീര്‍ താഴ്‌വരയില്‍ എങ്ങനെയാണ് അതിക്രമങ്ങളും ഭീകരതയും അരങ്ങേറിയതെന്ന് അറിയാന്‍ ജനങ്ങള്‍ ‘കശ്മീര്‍ ഫയല്‍സ്’ കാണണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് സിനിമയ്ക്ക് പിന്തുണയുമായി അമിത് ഷാ രംഗത്തെത്തിയത്.

”കോണ്‍ഗ്രസ് ഭരണകാലത്ത് കശ്മീരിലെ അതിക്രമങ്ങളും ഭീകരതയും എങ്ങനെ ബാധിച്ചുവെന്ന് അറിയാന്‍ സിനിമ കാണാത്തവര്‍ തീര്‍ച്ചയായും സിനിമ കാണണം,” എന്നാണ് അമിത് ഷാ പറഞ്ഞത്.

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

കശ്മീരി പണ്ഡിറ്റുകളുടെ പലായന വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും രംഗത്തെത്തിയിരുന്നു. കേന്ദ്രത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം എത്രപേര്‍ താഴ്‌വരയിലേക്ക് മടങ്ങിയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

”കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍, കശ്മീരി പണ്ഡിറ്റുകളുടെ പലായനം മുതല്‍, കഴിഞ്ഞ എട്ട് വര്‍ഷമുള്‍പ്പെടെ 13 വര്‍ഷമായി കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ഉണ്ടായിരുന്നു. ഈ കാലയളവില്‍ ഏതെങ്കിലും കശ്മീരി പണ്ഡിറ്റ് കുടുംബത്തെ പുനരധിവസിപ്പിച്ചിട്ടുണ്ടോ? ഒരു കുടുംബം പോലും കശ്മീരിലേക്ക് തിരിച്ചെത്തിയിട്ടില്ല,” അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും കെജ് രിവാള്‍ പറഞ്ഞു.

സിനിമയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളെയും ബി.ജെ.പിയുടെ വിമര്‍ശനത്തെയും കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെ ചിത്രം യൂട്യൂബില്‍ ഇട്ട് അതില്‍ നിന്നുള്ള വരുമാനം കാശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി ചെലവഴിക്കണമെന്ന് നേരത്തെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

 

 

Content Highlights: Watch ‘The Kashmir Files: Amit Shah