മുംബൈയിലും മഹാരാഷ്ട്രയിലുമുള്ളവര്‍ കറാച്ചി എന്ന പേര് അംഗീകരിക്കില്ല; ബേക്കറിയുടെ പേര് മാറ്റാന്‍ ശിവസേന നേതാവിന്റെ ഭീഷണി
Video Story
മുംബൈയിലും മഹാരാഷ്ട്രയിലുമുള്ളവര്‍ കറാച്ചി എന്ന പേര് അംഗീകരിക്കില്ല; ബേക്കറിയുടെ പേര് മാറ്റാന്‍ ശിവസേന നേതാവിന്റെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th November 2020, 3:08 pm

മുംബൈ: കറാച്ചി എന്ന് പേരുള്ള മുംബൈയിലെ ബേക്കറിക്ക് നേരെ ശിവസേന നേതാവിന്റെ ഭീഷണി. കടയുടെ പുറത്തുള്ള ബോര്‍ഡിലെ കറാച്ചി എന്ന പേര് നീക്കം ചെയ്യണമെന്നാണ് ശിവസേന നേതാവ് കടയുടമയോട് ആവശ്യപ്പെട്ടത്.

ഭീഷണിയെത്തുടര്‍ന്ന് കടയുടമ ബോര്‍ഡിലെ പേര് മറച്ചു വക്കുകയും ചെയ്തു. ശിവസേന നേതാവ് ബേക്കറിയില്‍ എത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തിന് ശേഷം താന്‍ വക്കീലിനെ സമീപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കടയുടെ പേര് ചിലപ്പോള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്നും കടയുടമ പറഞ്ഞു. നിതിന്‍ നന്ദ്‌ഗോന്‍ക്കാര്‍ എന്നാണ് ശിവസേന നേതാവിന്റെ പേര്. കടയുടമ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

കടയില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ നിതിന്‍ നന്ദ്‌ഗോന്‍ക്കാര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

നമ്മള്‍ വെറുക്കുന്ന പേരാണ് കറാച്ചി. പാക്കിസ്ഥാനിലെ തീവ്രവാദികളുടെ സ്ഥലമാണ് കറാച്ചി. അതിനാല്‍ ആ പേര് നിങ്ങള്‍ മാറ്റണം, നമ്മുടെ സൈനികര്‍ കൊല്ലപ്പെടുന്നത് തീവ്രവാദികള്‍ കാരണമാണ്. മുംബൈയിലും മഹാരാഷ്ട്രയിലുമുള്ളവര്‍ ഈ പേര് അംഗീകരിക്കില്ല നിതിന്‍ നന്ദ്‌ഗോന്‍ക്കാര്‍ കടയുടമയോട് പറയുന്നതായി വീഡിയോയില്‍ കാണാം.

പേര് മാറ്റാന്‍ സമയം തരാമെന്നും അതിനുള്ളില്‍ മാറ്റണമെന്നും നിതിന്‍ നന്ദ്‌ഗോന്‍ക്കാര്‍ പറയുന്നുണ്ട്.

Content Highlight: watch sweet shop owner conceals karachi name shiv sena threat