സഞ്ജുവൊരു മാച്ച് വിന്നര്‍, അവന്‍ അടുത്ത ലോകകപ്പിനുണ്ടാകും: മുന്‍ ഇന്ത്യന്‍ താരം
Cricket
സഞ്ജുവൊരു മാച്ച് വിന്നര്‍, അവന്‍ അടുത്ത ലോകകപ്പിനുണ്ടാകും: മുന്‍ ഇന്ത്യന്‍ താരം
ഫസീഹ പി.സി.
Sunday, 12th July 2026, 9:06 pm

മലയാളി താരം സഞ്ജു സാംസണിന് ടി – 20യില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ ഇതിഹാസം വസീം ജാഫര്‍. സിംബാബ്‌വേ പര്യടനത്തില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വിചിത്രമായി തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജു ഒരു മാച്ച് വിന്നറാണെന്നും അവന്‍ അടുത്ത ലോകകപ്പിനായുള്ള പ്ലാനുകളുടെ ഭാഗമാകുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

‘വൈഭവ് സൂര്യവംശിക്ക് മൂന്ന് മത്സരങ്ങള്‍ നല്‍കിയ ശേഷം, നിങ്ങള്‍ സഞ്ജു സാംസണിനെ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ അവന്‍ ഒരു മത്സരം മാത്രമേ കളിച്ചുള്ളൂ. ഇപ്പോള്‍ അവനെ സിംബാബ്‌വേ പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. സിംബാബ്‌വേ പര്യടനത്തില്‍ നിന്ന് അവനെ ഒഴിവാക്കിയത് എനിക്ക് വിചിത്രമായി തോന്നി.

കാരണം സഞ്ജുവിന് കളിക്കാന്‍ ആഗ്രഹമുണ്ടാകുമെന്ന് എനിക്കുറപ്പാണ്. നിലവില്‍ അവന്‍ ഇന്ത്യക്കായി ഒരു ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുന്നുള്ളൂ. അതിനാല്‍, എന്റെ അഭിപ്രായത്തില്‍, അവന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണം. സഞ്ജു സാംസണ്‍ അടുത്ത ലോകകപ്പിനായുള്ള പ്ലാനുകളുടെ ഭാഗമാകുമെന്ന് എനിക്കുറപ്പാണ്. കാരണം അവനൊരു മാച്ച്-വിന്നറാണ്. കാര്യങ്ങള്‍ നടന്ന രീതി എന്നെ ശരിക്കും അത്ഭുതപ്പെടുത്തി, ‘ വസീം ജാഫര്‍ പറഞ്ഞു.

ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയതിന് ശേഷം കളിച്ച മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി – 20യിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ താരത്തിന് ടീമിന് പുറത്തേക്ക് പോവേണ്ടി വന്നു.

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിയെ അവസരം നല്‍കിയിരുന്നു. പിന്നാലെ താരവും പരാജയപ്പെട്ടതോടെ മലയാളി ബാറ്റര്‍ അഞ്ചാം മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍, സിംബാബ്‌വേ പര്യടനത്തില്‍ നിന്നുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്.

Content Highlight: Wasim Jaffer urges Indian team to give regular opportunities for Sanju Samson in T20Is

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.