വൈഭവല്ല, അവനെ ഇന്ത്യന്‍ ടീമിലെടുക്കണം; യുവതാരത്തെ കുറിച്ച് വസീം ജാഫര്‍
Cricket
വൈഭവല്ല, അവനെ ഇന്ത്യന്‍ ടീമിലെടുക്കണം; യുവതാരത്തെ കുറിച്ച് വസീം ജാഫര്‍
ഫസീഹ പി.സി.
Wednesday, 13th May 2026, 3:06 pm

ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സായ് റണ്‍സ് നേടുന്ന രീതിയും താരത്തിന്റെ സ്ഥിരതയും അതിശയകരമാണെന്നും സാങ്കേതിക മികവുള്ള ഷോട്ടുകള്‍ കളിക്കുമ്പോഴും സ്‌കോറിങ് വേഗത കുറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടി – 20 ടീമിലേക്ക് സുദര്‍ശന്റെ പേര് അധികം ചര്‍ച്ച ചെയ്യാറില്ലെന്നും സിക്‌സ് അടിക്കുന്ന താരങ്ങളെ മാത്രം പരിഗണിക്കാതെ സ്ഥിരതയോടെ കളിക്കുന്ന സായ് യെയും പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.

വസീം ജാഫര്‍.

‘ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ തുടക്കം സായ് സുദര്‍ശന്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ റണ്‍സ് നേടുന്ന രീതിയും സ്ഥിരതയും അതിശയകരമാണ്. ഈ ഫ്രാഞ്ചൈസി അവന് അനുയോജ്യമാണ്. ഒപ്പം പിച്ചും അവനെ സഹായിക്കുന്നു. സാങ്കേതിക മികവുള്ള ഷോട്ടുകള്‍ കളിക്കുമ്പോഴും സ്‌കോറിങ് വേഗത കുറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യന്‍ ടി – 20 ടീമിലേക്ക് സുദര്‍ശന്റെ പേര് നമ്മള്‍ അധികം ചര്‍ച്ച ചെയ്യാറില്ല. പക്ഷേ തന്റെ പ്രകടനത്തിലൂടെ അവന്‍ അവകാശവാദം ഉയര്‍ത്തുകയാണ്. അവന്‍ ടീമിലുണ്ടാവണം. സ്ഥിരതയോടെ അവന്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. സിക്സറുകള്‍ അടിക്കുന്ന താരങ്ങളെ മാത്രം എന്തിനാണ് ടീമിലേക്ക് പരിഗണിക്കുന്നത്? സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുന്ന അവന്റെ പേര് പരിഗണിക്കണം,’ വസീം ജാഫര്‍ പറഞ്ഞു.

സായ് സുദർശൻ. Photo: IndianPremierLeague/x.com

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സായ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 44 പന്തില്‍ രണ്ട് സിക്‌സറുകളും അഞ്ച് ഫോറുകളും അടക്കം 61 റണ്‍സാണ് എടുത്തത്.

ഇതോടെ ഈ സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി സായ് മാറി. നിലവില്‍ താരത്തിന് 12 ഇന്നിങ്‌സില്‍ നിന്ന് 501 റണ്‍സുണ്ട്. ഇതുവരെ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് താരം അടിച്ചിട്ടുള്ളത്. സീസണില്‍ 41.75 ശരാശരിയും 155.10 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

Content Highlight: Wasim Jaffer says that Sai Sudarshan should consider to Indian T20 team as he scores consistently in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി