ഇന്ത്യന്‍ ടെസ്റ്റ് – ഏകദിന നായകന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. വിരാട് കോഹ്‌ലിയെ പോലെ ഗില്ലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖമായി മാറുമെന്നും താരത്തിന് ദീര്‍ഘകാലത്തേക്ക് ടെസ്റ്റ് ക്യാപ്റ്റനായും തിളങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടി – 20യിലും അനായാസം കളിക്കാന്‍ ഗില്ലിന് സാധിക്കുമെങ്കിലും പ്രതിഭകള്‍ ധാരാളം ഉള്ളതിനാല്‍ അവസരം ലഭിച്ചേക്കില്ലെന്നും എന്നാല്‍, 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാനികളില്‍ ഒരാള്‍ താരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.
വസീം ജാഫർ. Photo: CricketGully/x.com
‘ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖമായി ശുഭ്മന്‍ ഗില്‍ മാറുമെന്നാണ് ഞാന്‍ കരുതുന്നത്. വിരാട് കോഹ്‌ലി എങ്ങനെയായിരുന്നോ, അതുപോലെ ഗില്‍ ആ സ്ഥാനത്തേക്ക് വരും. ടെസ്റ്റ് ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതില്‍ കോഹ്ലി വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അതുപോലെ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖമായും ദീര്‍ഘകാലത്തേക്ക് ടെസ്റ്റ് ക്യാപ്റ്റനായും ഗില്ലിന് തിളങ്ങാന്‍ സാധിക്കും. ഒരുപക്ഷേ ഏകദിനത്തിലും അത് സാധ്യമാണ്. ഗില്ലിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് ഫോര്‍മാറ്റുകളും ഏറ്റവും പ്രധാനപ്പെട്ടതാണ്. ടി – 20യിലും അനായാസം കളിക്കാന്‍ സാധിക്കുന്ന താരമാണ് അവന്‍. പക്ഷേ, നമ്മുടെ ടീമില്‍ ധാരാളം പ്രതിഭകളും ഒട്ടേറെ ഓപ്ഷനുകളും ലഭ്യമാണ്.
ഇന്നത്തെ കാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഒരേപോലെ കളിക്കുക എന്നത് പ്രയാസകരമാണ്. 2027-ലെ ലോകകപ്പിലും ടീമിലെ പ്രധാനികളില്‍ ഒരാളായി അവനുണ്ടാകും. അതിനാല്‍, നിലവില്‍ ഈ രണ്ട് ഫോര്‍മാറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഗില്ലിന് നല്ലത്,’ വസീം ജാഫര്‍ പറഞ്ഞു.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റില്‍ ഗില്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 177 പന്തില്‍ 126 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒരു സിക്സറും 15 ഫോറുകളുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
Content Highlight: Wasim Jaffer says Shubhman Gill will become India’s flag bearer in Test as Virat Kohli