ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് വലിയ തിരിച്ചടി. ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ പരിക്ക് മൂലം ടീമില്‍ നിന്ന് പുറത്തായെന്നാണ് പുതിയ റിപ്പോര്‍ട്ട്.
കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെ സുന്ദറിന് ഹാംസ്ട്രിങ് പരിക്കേറ്റതിനെ തുടര്‍ന്നാണ് നിര്‍ണായക മത്സരത്തില്‍ നിന്ന് താരത്തെ മാറ്റി നിര്‍ത്തിയത്. ബാറ്റിങ്ങിനിടെ ആദ്യ റണ്‍ ഓടിയെടുക്കുന്നതിനിടെയാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്.
തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ പരിചരണവും ലഭിച്ചെങ്കിലും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
രണ്ടാം ഏകദിനത്തില്‍ വെറും അഞ്ച് പന്തുകള്‍ മാത്രം നേരിട്ട സുന്ദര്‍ രണ്ട് റണ്‍സ് നേടി സാഖിബ് മഹ്‌മൂദിന്റെ പന്തില്‍ പുറത്തായിരുന്നു. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളില്‍ ഒരാളായിരുന്നു വാഷിങ്ടണ്‍.വാഷിങ്ടണ്‍ സുന്ദര്‍
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 63 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചിരുന്നു. അക്‌സര്‍ പട്ടേലിനൊപ്പമുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് പരമ്പരയില്‍ 1-0 ലീഡ് സമ്മാനിച്ചത്.
സുന്ദറിന്റെ അഭാവത്തില്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഈ പരമ്പരയിലെ ആദ്യ മത്സരം കളിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കുല്‍ദീപിന്റെ സ്പിന്‍ ബൗളിങ് ഇന്ത്യയ്ക്ക് നിര്‍ണായകമാകും.
മൂന്ന് മത്സരങ്ങളുടെ പരമ്പര നിലവില്‍ 1-1ന് സമനിലയിലായതിനാല്‍ ലോര്‍ഡ്‌സിലെ മത്സരം പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്നതായിരിക്കും.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ കരുത്തില്‍ 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജൂലൈ 19നാണ് പരമ്പയിലെ അവസാന മത്സരം.
Content Highlight: Washington Sundar has been ruled out of the Team due to injury ahead of the third and final ODI against England