പഞ്ചാബിന്റെ ലോക റെക്കോഡ് തകര്‍ന്നുവീണു; ചരിത്രമെഴുതി സൂപ്പര്‍ ടീം
Cricket
പഞ്ചാബിന്റെ ലോക റെക്കോഡ് തകര്‍ന്നുവീണു; ചരിത്രമെഴുതി സൂപ്പര്‍ ടീം
സുദേവ് എ
Thursday, 16th July 2026, 12:29 pm

മേജര്‍ ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിന് റെക്കോഡ് ജയം. എം.ഐ ന്യൂയോര്‍ക്ക് സിറ്റിക്കെതിരെ ആറ് വിക്കറ്റിനാണ് വാഷിങ്ടണ്‍ വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂയോര്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന വാഷിങ്ടണ്‍ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചെയ്സിങാണ് അമേരിക്കന്‍ മണ്ണില്‍ നടത്തിയത്. പഞ്ചാബ് കിങ്‌സിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് വാഷിങ്ടണ്‍ ഈ നേട്ടം കൈപ്പിടിയിലാക്കിയത്. 2026 ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു പഞ്ചാബ് റെക്കോഡ് ചെയ്സ് നടത്തിയിരുന്നത്.

ദല്‍ഹി ഉയര്‍ത്തിയ 264 റണ്‍സ് പിന്തുടര്‍ന്ന കിങ്സ് ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തിയെഴുതിയാണ് പഞ്ചാബ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് 2024ല്‍ 262 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു.

മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ആന്‍ഡ്രീസ് ഗൗസിന്റെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റേയും സെഞ്ച്വറി കരുത്തിലാണ് വാഷിങ്ടണ്‍ റെക്കോഡ് ജയം സ്വന്തമാക്കിയത്. 51 പന്തുകളില്‍ നിന്നും 132 റണ്‍സാണ് താരം നേടിയത്. 10 ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് ഇന്നിങ്സ്.

സ്റ്റീവ് സ്മിത്ത് 48 പന്തില്‍ ഏഴ് ഫോറുകളും ഒമ്പത് സിക്‌സുകളും അടക്കം 110 റണ്‍സ് നേടിയും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.


ആദ്യം ബാറ്റ് ചെയ്ത എം,ഐ ന്യൂയോര്‍ക്കിനായി നിക്കോളാസ് പൂരന്‍ സെഞ്ച്വറി നേടിയാണ് കൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്. 33 പന്തില്‍ നിന്നും 106 റണ്‍സാണ് പൂരന്റെ ബാറ്റില്‍ നിന്നും പിറന്നത്. 13 കൂറ്റന്‍ സിക്‌സുകളും അഞ്ച് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. കെയ്റോണ്‍ പൊള്ളാര്‍ഡ് 64 റണ്‍സും ക്വിന്റണ്‍ ഡി കോക്ക് 54 റണ്‍സും സ്വന്തമാക്കി ടീമിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

 

Content Highlight: Washington freedom break Punjab kings record in T20 cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.