ന്യൂദല്‍ഹി: പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം ആരോഗ്യ മേഖലയെയും ബാധിക്കുന്നു. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന്‍ ഓഫ് ഫാര്‍മ ഒന്റര്‍പ്രണേഴ്‌സ് (എഫ്.ഒ.പി.ഇ).
പാരസെറ്റമോള്‍, അമോക്‌സിസിലിന്‍ തുടങ്ങിയ അവശ്യ മരുന്നുകളുടെ ഉത്പാദനം നിലയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും രാജ്യത്ത് ഉടന്‍ മരുന്ന് ക്ഷാമം നേരിട്ടേക്കാമെന്നുമാണ് എഫ്.ഒ.പി.ഇ നല്‍കുന്ന മുന്നറിയിപ്പ്.
ഇറാനില്‍ നടക്കുന്ന സംഘര്‍ഷത്തിന് പിന്നാലെ പ്രധാന ഇന്ധന പാതയായ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമല്ലാതായതോടെ പെട്രോകെമിക്കല്‍ അധിഷ്ഠിത അസംസ്‌കൃത വസ്തുക്കളുടെ വിതരണം തടസ്സപ്പെട്ടു. ഇതോടെ മരുന്ന് നിര്‍മാണത്തിന് ആവശ്യമായ എ.പി.ഐ, പാക്കേജിങ് സാമഗ്രികള്‍ എന്നിവയുടെ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ 20 മുതല്‍ 60 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
‘നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍, ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ചില അവശ്യ മരുന്നുകളുടെ നിര്‍മാണത്തിലെ തടസ്സങ്ങള്‍ക്ക് കാരണമായേക്കാം.
ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രധാന ഭാഗമായ പാരസെറ്റമോള്‍, അമോക്‌സിസിലിന്‍, മെറ്റ്ഫോമിന്‍, അസിത്രോമൈസിന്‍ അടക്കമുള്ള മരുന്നുകള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു,’ എഫ്.ഒ.പി.ഇ പ്രസിഡന്റ് ഹരീഷ് ജെയ്ന്‍ കന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറി മനോജ് ജോഷിക്ക് അയച്ച കത്തില്‍ പറയുന്നു.
മരുന്നുകളുടെ പ്രൊഡക്ഷന്‍ എക്കോസിസ്റ്റത്തിലെ ഏതൊരു തടസ്സവും അവയുടെ ലഭ്യതയെയും പൊതുജനാരോഗ്യത്തെയും വ്യാപകമായി ബാധിക്കുമെന്നും ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി, പ്രൊപ്പെയ്ന്‍ എന്നിവയുടെ കടുത്ത ക്ഷാമം കാരണം ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിരവധി ഫാര്‍മ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഇതിനോടകം തന്നെ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവെച്ച സ്ഥിതിയിലാണ്. ഏകദേശം 200 യൂണിറ്റുകള്‍ വരും ദിവസങ്ങളില്‍ ഉത്പാദനം നിര്‍ത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് എഫ്.ഒ.പി.ഇ കോ-ചെയര്‍മാന്‍ വിനോദ് കലാനിയും കത്തില്‍ ആവശ്യപ്പെട്ടു.
‘ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷന്‍, എ.പി.ഐ വ്യവസായങ്ങള്‍ എന്നിവയ്ക്കായുള്ള എല്ലാ സാമഗ്രികളെ കുറിച്ചുള്ള യഥാര്‍ത്ഥ സാഹചര്യം മനസിലാക്കുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ എല്ലാ സ്റ്റോക്ക്‌ഹോള്‍ഡര്‍ അസോസിയേഷനുകളുടെയും യോഗം വിളിച്ചുചേര്‍ക്കണം. ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ചിന്താപൂര്‍വ്വവും പ്രായോഗികവുമായ ഒരു സമീപനം ആവശ്യമാണ്.
ഇത്തരം ഏകോപിതമായ സംഭാഷണങ്ങള്‍ നിലവിലെ തടസ്സങ്ങളുടെ മൂലകാരണങ്ങള്‍ തിരിച്ചറിയുന്നതിനും വിപണിയെ സ്ഥിരപ്പെടുത്തുന്നതിന് കൃത്യസമയത്ത് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായിക്കും,’ വിനോദ് കലാനി ചൂണ്ടിക്കാട്ടി.
പാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ സ്ഥിരത വീണ്ടെടുക്കുന്നതിനും ഇന്ത്യയിലെ പൗരന്മാര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും കേന്ദ്രം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എഫ്.ഒ.പി.ഇ ആവശ്യപ്പെട്ടു.
Content highlight: Warning that the crisis in the Strait of Hormuz will lead to a potential shortage of essential medicines in India.