ഇറാനുമായുള്ള യുദ്ധം ഇസ്രഈലിന്റെ ആവശ്യപ്രകാരം; ഔദ്യോഗികമായി സ്ഥിരീകരിച്ച് യുഎസ്
World News
ഇറാനുമായുള്ള യുദ്ധം ഇസ്രഈലിന്റെ ആവശ്യപ്രകാരം; ഔദ്യോഗികമായി സ്ഥിരീകരിച്ച് യുഎസ്
ആദര്‍ശ് എം.കെ.
Friday, 24th April 2026, 6:34 pm

വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്ക നടത്തിവരുന്ന സൈനിക നടപടികള്‍ (ഓപ്പറേഷന്‍ എപിക് ഫ്യൂറി) തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രഈലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണെന്ന ഔദ്യോഗിക സ്ഥീരികരണവുമായി അമേരിക്ക.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ ഔദ്യോഗിക കത്തുകളിലാണ്, ഇസ്രഈലിന്റെ അഭ്യര്‍ത്ഥന പ്രകാരം കൂട്ടായ സ്വയംരക്ഷയ്ക്കായി തങ്ങള്‍ ഈ യുദ്ധത്തില്‍ പങ്കുചേരുന്നുവെന്ന് യു.എസ് വ്യക്തമാക്കിയത്.

ഫെബ്രുവരി 28-നാണ് അമേരിക്കന്‍ സായുധ സേന ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ആരംഭിച്ചത്.

ഇറാന്റെ ആക്രമണാത്മക മിസൈലുകളും അവയുടെ ഉത്പാദന കേന്ദ്രങ്ങളും നശിപ്പിക്കുക, ഇറാന്റെ നാവികസേനയെയും മറ്റ് സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളെയും തകര്‍ക്കുക എന്നിവയാണ് ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ഈ യുദ്ധത്തോടെ ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ കൈവശം വെക്കില്ലെന്ന് ഉറപ്പാക്കുമെന്നും യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രഈലിന്റെ ആവശ്യത്തിന് പുറമെ, അമേരിക്കയുടെ തന്നെ സ്വയംരക്ഷയ്ക്കുള്ള സഹജമായ അവകാശം മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്നും യു.എസ് വിശദീകരിക്കുന്നു.

പതിറ്റാണ്ടുകളായി മേഖലയില്‍ ഇറാന്‍ നടത്തിവരുന്ന ആക്രമണങ്ങളും, യു.എസ്, ഇസ്രഈല്‍ എന്നിവര്‍ക്കെതിരെയുള്ള പ്രകോപനങ്ങളുമാണ് നിലവിലെ അന്താരാഷ്ട്ര സായുധ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് അമേരിക്കന്‍ പക്ഷം.

തങ്ങളുടെ സൈനിക നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിമര്‍ശനങ്ങളെ അമേരിക്ക തള്ളിക്കളഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായ സ്വയംരക്ഷാ അവകാശമാണ് തങ്ങള്‍ വിനിയോഗിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

ഇറാനുമായുള്ള സായുധ സംഘര്‍ഷം വര്‍ഷങ്ങളായി തുടരുന്നതാണെന്നും, ഇസ്രഈലിനും അമേരിക്കയ്ക്കും എതിരെ ഇറാന്‍ തുടരുന്ന ശത്രുതാപരമായ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് യു.എസ് നിലപാട്.

ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം, മേഖലയിലെ സമാധാനത്തിന് ഇറാന്റെ ആണവ-മിസൈല്‍ പദ്ധികള്‍ തടയേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രഈലിന്റെ ആവശ്യത്തിന് അമേരിക്ക പിന്തുണ നല്‍കിയിരിക്കുന്നത്.

 

Content Highlight: War with Iran at Israel’s request; US officially confirms

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.