യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്, വിദ്വേഷം പ്രചരിപ്പിക്കരുത്; പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ സാദിഖലി തങ്ങള്‍
Kerala
യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്, വിദ്വേഷം പ്രചരിപ്പിക്കരുത്; പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ സാദിഖലി തങ്ങള്‍
രാഗേന്ദു. പി.ആര്‍
Saturday, 28th February 2026, 8:39 pm

മലപ്പുറം: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ‘ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലെ’ എന്ന് ചോദിച്ചുകൊണ്ടാണ് സാദിഖലി തങ്ങളുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ലോകത്തിന് ദീനരോധനങ്ങള്‍ കേട്ട് മടുത്തിട്ടില്ലേയെന്നും സാദിഖലി തങ്ങള്‍ ചോദിച്ചു. മനുഷ്യരെ തമ്മില്‍ വിഭജിച്ച്, പരസ്പരം പോര്‍വിളിച്ചുള്ള ഗോത്രീയതയിലേക്ക് നാം തിരിച്ചുനടക്കുകയാണോ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി ഭയാനകമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നമ്മുടെയെല്ലാം കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരും അധിവസിക്കുന്ന ഇടം കൂടിയാണ് അവിടം. നമ്മുടെ നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കിയ പ്രവാസികളെല്ലാം വലിയ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധവെറി അവസാനിക്കാനും മേഖലയില്‍ അധിവസിക്കുന്ന മനുഷ്യര്‍ക്ക് സമാധാനം ലഭിക്കാനും പ്രാര്‍ത്ഥിക്കണം. യുദ്ധത്തോളം ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങളെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പരസ്പരം പോര്‍വിളിച്ചും വിദ്വേഷം പ്രചരിപ്പിച്ചും വിഷം വമിപ്പിക്കുകയാണ്. യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്. അത് ബാധിക്കുന്നത് എല്ലാവരെയുമാണ്.

ബോംബിനും മിസൈലുകള്‍ക്കും മനുഷ്യരുടെ മതങ്ങളും അവരുടെ രാഷ്ട്രീയവും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

ഇന്ന് (ശനി) രാവിലെയാണ് ഇസ്രഈലും യു.എസും ചേര്‍ന്ന് ഇറാനില്‍ ആക്രമണം നടത്തിയത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ ഓഫീസിന് നേരെയാണ് ആദ്യ ആക്രമണം നടന്നത്. പിന്നീടുണ്ടായ ആക്രമണത്തില്‍ ഖാംനഇയുടെ വസതി പൂര്‍ണമായും തകര്‍ന്നു.

തെക്കന്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 51 കുട്ടികള്‍ കൊല്ലപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

Content Highlight: War causes losses for everyone, don’t spread hatred; Sadik ali Thangal on the conflict in West Asia

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.