400 കോടി ബജറ്റിലെത്തി മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത വാർ 2 ഒ.ടി.ടിയിലേക്ക്
OTT releases
400 കോടി ബജറ്റിലെത്തി മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത വാർ 2 ഒ.ടി.ടിയിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th September 2025, 1:42 pm

അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2. വൻ ഹൈപ്പിലോടെയിറങ്ങിയ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും വൻ വരവേൽപ്പായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്.

ബോളിവുഡിലെ ആക്ഷൻ ഹീറോ ഹൃദിക് റോഷനും സൗത്തിന്ത്യയിലെ മാൻ ഓഫ് മാസസ് ആയ ജൂനിയർ എൻ.ടി.ആറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌പൈ-ത്രില്ലർ ചിത്രമായ വാറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിൽ ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറിനും ഒപ്പം കിയാര അദ്വാനിയും പ്രധാന വേഷത്തിലെത്തിയിരുന്നു.അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രം 400 കോടി ബജറ്റിലാണ് തിയേറ്ററിൽ എത്തിയത്. എന്നാൽ മുടക്ക് മുതൽ പോലും നേടാനാവാതെ പരാജയപ്പെട്ടിരിക്കുകയാണ് ചിത്രം.

ഇപ്പോഴിതാ വാർ 2 ഒ.ടി.ടിയിലേക്കും എത്താൻ പോകുകയാണ്. ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് തീയതി അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ഒക്ടോബർ ഒമ്പതിന് നെറ്റ്ഫ്‌ളിക്‌സിലൂടെ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും.

ഒ.ടി.ടിയിൽ വരുമ്പോഴെങ്കിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പഴയ അതേ കഥ തന്നെയാണ് വാർ 2 പറയുന്നതെങ്കിലും ഒട്ടും എൻഗേജിങ്ങാക്കാതെ ഓവർ ദി ടോപ്പ് ആക്ഷൻ സീനുകൾ കുത്തിനിറച്ച് മോശം സിനിമാനുഭവമാക്കി മാറ്റിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലോജിക്കില്ലാത്ത ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്.

ഷർട്ട് ധരിക്കാതെ ആകാശത്ത് പറക്കുന്ന ഫ്‌ളൈറ്റിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന ജൂനിയർ എൻ.ടി.ആറിന്റെ വീഡിയോ ട്രോൾ മെറ്റീരിയലായി മാറിയിരുന്നു. ഇതേ സീനിൽ ജൂനിയർ എൻ.ടി.ആറിന്റെ സിക്സ് പാക്കും ട്രോൾ മെറ്റീരിയലായി മാറി. ഒട്ടും ഒറിജിനാലിറ്റി തോന്നിക്കാത്ത വി.എഫ്.എക്‌സിലൂടെയാണ് താരത്തിൻറെ സിക്സ് പാക്ക് സിനിമയിൽ കാണിച്ചിരിക്കുന്നത്.

യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് വാർ 2. തമിഴ് ചിത്രം കൂലിക്കൊപ്പമാണ് വാർ 2 റിലീസിനെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു കൂലിക്ക് ലഭിച്ചത്.

Content Highlight: War 2, which has a budget of 400 crores and has not even recovered its investment