ഇനി നടക്കപ്പോറത് യുദ്ധം; വാര്‍ 2 ട്രെയ്ലര്‍ എത്തി
War 2 movie
ഇനി നടക്കപ്പോറത് യുദ്ധം; വാര്‍ 2 ട്രെയ്ലര്‍ എത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th July 2025, 1:19 pm

ബോളിവുഡ് സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാര്‍ 2. ബോളിവുഡിലെ ആക്ഷന്‍ ഹീറോ ഹൃതിക് റോഷനും സൗത്തിന്ത്യയിലെ മാന്‍ ഓഫ് മാസസ് ആയ ജൂനിയര്‍ എന്‍.ടി.ആറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും വന്‍ വരവേല്‍പ്പനാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

സ്പൈ-ത്രില്ലര്‍ ചിത്രമായ വാറിന്റെ രണ്ടാം ഭാഗമായ ചിത്രത്തില്‍ ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറിനും ഒപ്പം കിയാര അദ്വാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ഇത്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം 2025ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14 ന് തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ വാര്‍ 2വിന്റെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പരസ്പരം പോരടിക്കുന്ന ഇന്ത്യന്‍ ചാരന്മാരായാണ് ചിത്രത്തില്‍ ഹൃതിക്കും ജൂനിയര്‍ എന്‍.ടി.ആറും എത്തുന്നത്. ട്രെയ്ലറിന്റെ ആദ്യഭാഗങ്ങളില്‍ ഇരുവരും ശത്രുക്കള്‍ ആണെന്ന് തോന്നുമെങ്കിലും അവസാനത്തോടടുക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി ഒന്നിക്കുന്നുന്നതുപോലെ തോന്നിക്കുന്ന ഷോട്ടുകളും ചേര്‍ത്തിട്ടുണ്ട്. കിയാര അദ്വാനിയും ഹൃതിക്കും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഉണ്ടെങ്കിലും ട്രെയ്ലറില്‍ ഇരുവരും ഫൈറ്റ് ചെയ്യുന്നതും കാണിക്കുന്നു.

ഇനിയെന്തെന്ന ചിന്ത കാണികളില്‍ ഓരോ നിമിഷവും ഉണര്‍ത്തുന്ന ട്രെയ്ലര്‍ ഇതിനോടകം തന്നെ പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം രജിനികാന്തിന്റെ കൂലിയോടൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ തിയേറ്ററിലെത്തും.

രണ്ട് ചിത്രങ്ങളും ഐമാക്സ് ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ എല്ലാ ഐമാക്സ് സ്‌ക്രീനുകളും വാര്‍ 2വിനായി യഷ് രാജ് ഫിലിംസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കൂലിയും വാര്‍ 2വും ഒന്നിച്ചെത്തുന്നതുകൊണ്ടുതന്നെ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷിനാണ് ഈ വര്‍ഷം ഓഗസ്റ്റില്‍ കളമൊരുങ്ങുന്നത്. ബജറ്റ് കൊണ്ടും സ്റ്റാര്‍ കാസ്റ്റ് കൊണ്ടും മുന്നിട്ടുനില്‍ക്കുന്ന രണ്ട് സിനിമകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയം ആര്‍ക്കാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: War 2 trailer is out