കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം പിൻവലിക്കും: എം.പി ഇമ്രാൻ മസൂദ്
India
കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം പിൻവലിക്കും: എം.പി ഇമ്രാൻ മസൂദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 9:26 am

ന്യൂദൽഹി: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം പിൻവലിക്കുമെന്ന് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ്.

കോൺഗ്രസിന്റെ സംഘടനാ നിർമാണ പ്രചാരണ പരിപാടിയായ ‘സംഗതൻ ശ്രീജൻ അഭിയാൻ’ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ‘കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചുകഴിഞ്ഞാൽ, ഒരു മണിക്കൂറിനുള്ളിൽ വഖഫ് ബോർഡ് നിയമം റദ്ദാക്കപ്പെടും,’ ഇമ്രാൻ മസൂദ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നുള്ള ലോക്‌സഭാ എം.പിയായ ഇമ്രാൻ മസൂദ്, 2024 ലെ വഖഫ് (ഭേദഗതി) ബില്ലിന്റെ സംയുക്ത സമിതിയിലെ അംഗം കൂടിയാണ്.

ബീഹാറിൽ ഉപതെരഞ്ഞെടുപ്പിനോടടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവന്ന പുതിയ നയത്തെയും അദ്ദേഹം വിമർശിച്ചു. പുതിയ നയം കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷാപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ഇമ്രാൻ മസൂദ് വിമർശിച്ചു.

ബീഹാർ ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് വിദേശ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നടപടി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. ഇതിനായി 2003 ന് ശേഷം വോട്ടർ പട്ടികയിൽ ചേർന്ന എല്ലാ പേരുകളും വീണ്ടും സ്ഥിരീകരിക്കണമെന്നും അവർ തങ്ങളുടെ ജനന വിവരങ്ങൾ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര പ​രി​ശോ​ധ​നക്കെ​തി​രെ വലിയ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ലഘൂകരിക്കാൻ തീരുമാനിച്ചു.

രാജ്യത്തുടനീളം വലിയ വിവാദം സൃഷ്ടിച്ച ബില്ലായിരുന്നു വഖഫ് ഭേദഗതി ബിൽ. 13 മണിക്കൂറിലധികം നീണ്ട ചർച്ചയ്ക്ക് ശേഷം രാജ്യസഭ വിവാദമായ വഖഫ് നിയമ നിർമാണത്തിന് അംഗീകാരം നൽകിയതിനെത്തുടർന്ന് ഏപ്രിൽ നാലിന് പാർലമെന്റ് വഖഫ് (ഭേദഗതി) ബിൽ 2025 അംഗീകരിച്ചു. രാജ്യസഭയിൽ 128 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 95 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു. ലോക്സഭയിൽ 288 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 232 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തിരുന്നു.

 

Content Highlight: Waqf Act will be scrapped in one hour if Congress comes to power: congress MP Imran