'ഞാന്‍ മരിക്കാന്‍ തയ്യാറല്ല, അവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം'; ഉന്നാവോ പെണ്‍കുട്ടി അവസാനമായി പറഞ്ഞത്
India
'ഞാന്‍ മരിക്കാന്‍ തയ്യാറല്ല, അവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം'; ഉന്നാവോ പെണ്‍കുട്ടി അവസാനമായി പറഞ്ഞത്
ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 10:35 am

ലഖ്‌നൗ: ”ഞാന്‍ മരിക്കാന്‍ തയ്യാറല്ല, എന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം”- ഉന്നാവോയില്‍ ലൈംഗികാക്രമണത്തിന് ഇരയായ ശേഷം അക്രമികള്‍ തീകൊളുത്തിയ പെണ്‍കുട്ടി ആശുപത്രി കിടക്കയില്‍ വെച്ച് മാതാപിതാക്കളോടും സഹോദരനോടും പറഞ്ഞ വാക്കുകളാണ് ഇത്.

അവസാന നിമിഷം വരെ അവള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു.

”എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം. എനിക്ക് മരിക്കേണ്ട. എന്നോട് ഇത് ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം” പെണ്‍കുട്ടി പറഞ്ഞതായി സഹോദരന്‍ വ്യക്തമാക്കി. ഞങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

എനിക്കിനി ഒന്നും പറയാനില്ല. എന്റെ സഹോദരി ഇനി ഞങ്ങള്‍ക്കൊപ്പം ഇല്ല. ഒരാവശ്യം മാത്രമേ ഇനി പറയാനുള്ളൂ. ആ അഞ്ച് പേരേയും തൂക്കിക്കൊല്ലണം. അതില്‍ കുറഞ്ഞതൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല -സഹോദരന്‍ പറഞ്ഞു.

മകള്‍ക്ക് നേരത്തെയും ഇവരില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നെന്നും പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരന്തരം അവര്‍ മകളെ ഭീഷണിപ്പെടുത്തുമായിരുന്നു. വീട്ടുകാരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. ഒടുവില്‍ അവര്‍ എന്റെ മകളുടെ ജീവന്‍ തന്നെ എടുത്തു- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11.40ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരണപ്പെട്ടത്. 11.10ന് പെണ്‍കുട്ടിയ്ക്ക് ഹൃദയാഘാതം സംഭവിച്ച പെണ്‍കുട്ടി 11.40ഓടെ മരിക്കുകയായിരുന്നു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കിയതായി സൂചനയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ യുവതിയെ ഇന്നലെ രാത്രിയായിരുന്നു വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ചത്.

സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായിട്ടുണ്ട്. ലൈംഗികാതിക്രമകേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പേരുള്‍പ്പെടെയാണ് പൊലിസ് പിടിയിലായിട്ടുള്ളത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.