വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം അപമാനകരം; അറസ്റ്റിലായവര്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍: ഡി.വൈ.എഫ്.ഐ
Kerala
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം അപമാനകരം; അറസ്റ്റിലായവര്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍: ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th December 2025, 11:11 pm

തിരുവനന്തപുരം: വളയാറിലെ ആള്‍ക്കൂട്ട കൊലപാതകം അപലപനീയമെന്ന് ഡി.വൈ.എഫ്.ഐ. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണിനെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഭാര്യയുടെ വിയോഗത്തെ തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിട്ടിരുന്ന രാം നാരായണിനെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.

ശേഷം മൊബൈലില്‍ പകര്‍ത്തിയ മര്‍ദന ദൃശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

അതിഥി തൊഴിലാളികളെ കരുതലോടെ കണ്ട് പോരുന്ന കേരളത്തിന് ഒരു നിലയ്ക്കും
അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരകൃത്യമാണ് വാളയാറില്‍ നടന്നതെന്നും ഡി.വൈ.എഫ്.ഐ പ്രതികരിച്ചു. രാം നാരായണിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധത്തിനും ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.

‘ഇത്തരത്തിലുള്ള ആള്‍ക്കൂട്ട വിചാരണകള്‍ക്കും അക്രമത്തിനുമെതിരെ പൊതുബോധം വളര്‍ത്താന്‍ ജാഗ്രതയോടെ പൊതുസമൂഹം ഇടപെടണം. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കണം.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം,’ ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റോഡിലൂടെ നടന്നുപോകുകയായിരുന്ന രാം നാരായണന്‍ഭയ്യാന്‍ (31) മര്‍ദനത്തിന് ഇരയായത്. ബംഗ്ലാദേശിയും മോഷ്ടാവാണോയെന്നും ചോദിച്ചുകൊണ്ടായിരുന്നു മര്‍ദനം.

മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയ്ക്കാണ് രാം നാരായണന്‍ ഇരയായത്. മര്‍ദനമേറ്റ് കുഴഞ്ഞുവീണ യുവാവിനെ നാല് മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍ അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, ബിബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധമുള്ള 15 പേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്.

Content Highlight: Walayar mob lynching shameful: DYFI