തിരുവനന്തപുരം: പാലക്കാട്ടെ വാളയാര്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിന്റെ വിവരങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഇതുവരെ അഞ്ച് പ്രതികളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതികള്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ്.
ബി.എന്‍.എസ് 103 (1) വകുപ്പ് അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്നാണ് വിവരം.
കേസിലെ ഒന്നാംപ്രതി അട്ടപ്പള്ളം അനുവിനെതിരെ വാളയാര്‍ സ്റ്റേഷനിലും കസബ സ്റ്റേഷനിലുമായി 15 കേസുകളുണ്ട്. രണ്ടാംപ്രതി പ്രസാദിനും മൂന്നാംപ്രതി മുരളിക്കുമെതിരെ വാളയാര്‍ സ്റ്റേഷനിൽ രണ്ട് വീതം കേസുകളുമുണ്ട്.
ഇതേ സ്റ്റേഷനില്‍ കേസിലെ നാലാംപ്രതിയായ ആനന്ദിനും അഞ്ചാം പ്രതിയായ വിപിനുമെതിരെയും ഓരോ വീതം കേസുണ്ട്. വിപിനെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലും കേസുണ്ടെന്നാണ് വിവരം.
ഇവര്‍ കള്ളനെന്നും ബംഗ്ലാദേശിയെന്നും ആരോപിച്ചാണ് രാം നാരായണിനെ അതിക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ രാം നാരായണിനെ നാല് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.