പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരായണ്‍ ബകേലി(31)നെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍.
കുടുംബത്തിന് പത്ത് ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് പാലക്കാട് ആര്‍.ഡി.ഒ പറഞ്ഞു. കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാരിന് വേണ്ടി ആര്‍.ഡി.ഒ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉറപ്പുനില്‍കിയത്.
നഷ്ടപരിഹാരം നല്‍കാമെന്ന് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയാല്‍ മൃതദേഹം ഏറ്റെടുക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കുടുംബത്തിന്റെ ആവശ്യപ്രകാരം രാം നാരായണിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക.
എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പാലക്കാട് നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തു.
നേരത്തെ, 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും രാം നാരായണിന്റെ കുടുംബം അറിയിച്ചിരുന്നു. ഛത്തീസ്ഗഡ് സ്വദേശിയാണ് കൊല്ലപ്പെട്ട രാം നാരായണ്‍.
കഞ്ചിക്കോട് ഒരു ഫാക്ടറിയില്‍ ജോലി ലഭിച്ചെത്തിയ രാം നാരായണ്‍ വാളയാര്‍ അട്ടപ്പള്ളത്തേക്ക് വഴിതെറ്റിയെത്തിയതായിരുന്നു. രാം നാരായണിനെ കണ്ടുപരിചയമില്ലാത്തതിനാല്‍ തടഞ്ഞുനിര്‍ത്തി പ്രദേശ വാസികള്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ഈ ക്രൂര മര്‍ദനമാണ് രാം നാരായണിന്റെ ജീവനെടുത്തത്.
ബംഗ്ലാദേശിയെന്നും കള്ളനെന്നുമാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മര്‍ദിച്ചത്. ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, ബിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതക്കുറ്റം ചുമത്തി. പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ മര്‍ദനത്തില്‍ പങ്കാളികളായ 15 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അട്ടപ്പള്ളത്ത് തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം രാം നാരായണിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്. രാം നാരായണ്‍ മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് മണിക്കൂര്‍ നേരെ നീണ്ട ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദനത്തിനുമാണ് രാം നാരായണ്‍ ഇരയായത്. രാം നാരായണിന്റെ ശരീരത്തില്‍ നാല്‍പതോളം മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പുറം ഭാഗം മുഴുവന്‍ വടി കൊണ്ട് മര്‍ദിച്ചതിന്റെ പാടുകളുണ്ട്.
ശരീരത്തിലുടനീളം ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങളുണ്ട്. മര്‍ദനത്തിന് ശേഷം റോഡിലുപേക്ഷിച്ച രാം നാരയണിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.