വാളയാര്‍ കേസ്: ഇളയ സഹോദരനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍; ശ്രമം നടന്നത് പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍
Valayar Case
വാളയാര്‍ കേസ്: ഇളയ സഹോദരനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍; ശ്രമം നടന്നത് പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2019, 9:10 pm

വാളയാര്‍: വാളയാറില്‍ ലൈംഗിക ആക്രമണത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടികളുടെ ഇളയ സഹോദരനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. മീഡിയവണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടികളുടെ ഇളയ സഹോദരന്‍ താമസിച്ച് പഠിച്ച പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുന്‍ മാനേജര്‍ ഷാകിര്‍ മൂസയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

”ഒരിക്കല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ബൈക്കിലെത്തി രണ്ടുപേര്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമം നടത്തി. കേസിലെ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം ഇതേക്കുറിച്ച് അപ്പോള്‍ തന്നെ സി.ഡബ്ല്യു.സിയില്‍ വിവരമറിയിച്ചിരുന്നു. അവരും പൊലീസുകാരും എത്തി കുട്ടിയോട് സംസാരിക്കുകയും ചെയ്തിരുന്നു. സി.ഡബ്ല്യു.സി, സാമൂഹ്യ ക്ഷേമ വകുപ്പ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഫീസര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് മാതാപിതാക്കള്‍ കുട്ടിയെ സ്ഥാപനത്തില്‍ എത്തിച്ചത്. രണ്ടാം ക്ലാസിലാണ് പ്രവേശനം നേടിയത്. സഹോദരിമാര്‍ നേരിട്ട പീഡനത്തെക്കുറിച്ച് കുട്ടിക്ക് അറിവുണ്ടായതിനാല്‍ കുട്ടിക്കും ഭീഷണി ഉണ്ടായിരുന്നു” ഷാകിര്‍ മൂസ പറഞ്ഞു.

സഹോദരിമാര്‍ മരിച്ചതിനുശേഷമാണ് സ്ഥാപനത്തിലെ ഹോസ്റ്റലില്‍ കുട്ടി എത്തിയത്. അതിനുശേഷം, രണ്ടുതവണ ചിലര്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചിരുന്നു. സെക്യൂരിറ്റി ശക്തമായതു കൊണ്ടാണ് ശ്രമം വിജയിക്കാതിരുന്നത്. കുട്ടിയെ കാണാനെത്തിയതാണെന്ന് ഒരിക്കല്‍ ഇവര്‍ ഗേറ്റിലുള്ള സുരക്ഷാ ജീവനക്കാരോട് പറഞ്ഞിരുന്നു.
വീട്ടില്‍ ചില ചേട്ടന്‍മാര്‍ വരികയും മിഠായി വാങ്ങിത്തരാറുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞതായി ഷാകിര്‍ പറഞ്ഞു.

വാളയാറില്‍ ലൈംഗികാക്രമണത്തിന് ഇരയായി രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ തെളിവുകളുടെ അഭാവത്തില്‍ 3 പ്രതികളെ വെറുതെ വിട്ടിരുന്നു.

കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന്
മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാറിനും അപ്പീല്‍ നല്‍കാന്‍ സാഹചര്യമുള്ള നിലയില്‍ സി.ബി.ഐ അന്വേഷണാവശ്യം സ്വീകാര്യമല്ല എന്ന് കോടതി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ