വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 25 ലക്ഷം നഷ്ട പരിഹാരം വേണം; മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണിന്റെ കുടുംബം
Kerala
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 25 ലക്ഷം നഷ്ട പരിഹാരം വേണം; മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണിന്റെ കുടുംബം
അനിത സി
Sunday, 21st December 2025, 5:04 pm

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി രാം നാരായണി(31)ന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. എസ്.സി,എസ്.ടി നിയപ്രകാരം കേസെടുക്കണമെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിച്ചില്ലെന്നും രാം നാരായണിന്റെ സഹോദരന്‍ ശശികാന്ത് പറഞ്ഞു.

25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപരിഹാരം ലഭിക്കുന്നത് വരെ കേരളത്തില്‍ തുടരുമെന്നും രാം നാരായണിന്റെ കുടുംബം അറിയിച്ചു. ഛത്തീസ്ഗഡ് സ്വദേശിയാണ് കൊല്ലപ്പെട്ട രാം നാരായണ്‍.

വാളയാര്‍ അട്ടപ്പള്ളത്ത് വഴിതെറ്റിയെത്തിയ രാം നാരായണിനെ ബംഗ്ലാദേശിയെന്നും കള്ളനെന്നുമാരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം.

സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, ബിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതക്കുറ്റം ചുമത്തി. പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോലി തേടി കഞ്ചിക്കോട് ലക്ഷ്യം വെച്ചെത്തിയ രാം നാരായണ്‍ വഴി തെറ്റിയാണ് അട്ടപ്പള്ളത്തേക്ക് എത്തിയതെന്നാണ് വിവരം.

അട്ടപ്പള്ളത്ത് തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം രാം നാരായണിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്. പിന്നീട് പ്രദേശവാസികളും കൂടിയതോടെ കൃത്യമായി മറുപടി പറയാത്ത രാം നാരായണിനെ പ്രകോപിതരായ ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയതോടെ മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്നു രാം നാരായണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് മണിക്കൂര്‍ നേരെ നീണ്ട ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനുമാണ് രാം നാരായണ്‍ ഇരയായത്. രാം നാരായണിന്റെ ശരീരത്തില്‍ നാല്‍പതോളം മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പുറം ഭാഗം മുഴുവന്‍ വടി കൊണ്ട് മര്‍ദിച്ചതിന്റെ പാടുകളുണ്ട്.

ശരീരത്തിലുടനീളം ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങളുണ്ട്. മര്‍ദനത്തിന് ശേഷം റോഡിലുപേക്ഷിച്ച രാം നാരയണിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ശരീരത്തിലെ മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. മര്‍ദനത്തില്‍ മരണം സംഭവിച്ചില്ലെന്നും കുറച്ചുസമയം കൂടി ജീവനുണ്ടായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Content Highlight: Walayar mob lynching: 25 lakh compensation sought; Ram Narayan’s family says they will not accept the body

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍