മദ്യം, പുകയില, ശീതളപാനീയം എന്നിവയുടെ വില 50% വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന; ലക്ഷ്യം ഹാനികരമായ ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍
World News
മദ്യം, പുകയില, ശീതളപാനീയം എന്നിവയുടെ വില 50% വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന; ലക്ഷ്യം ഹാനികരമായ ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2025, 8:45 pm

ജനീവ: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മദ്യം, പുകയില, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവയുടെ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. സെവില്ലെയില്‍ നടന്ന യു.എന്‍ ഫിനാന്‍സ് ഫോര്‍ ഡെവലപ്‌മെന്റ് കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനായാണ് സംഘടന ഇത്തരമൊരു മുന്നേറ്റം ലക്ഷ്യം വെക്കുന്നത്.

വില വര്‍ധനവിലൂടെ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ദോഷകരമായ ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്ന് ഡബ്ല്യു.എച്ച്.ഒ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ നീക്കം.

‘ഹെല്‍ത്ത് ടാക്‌സുകള്‍ നമ്മുടെ പക്കലുള്ള ഏറ്റവും കാര്യക്ഷമമായ ഉപകരണങ്ങളില്‍ ഒന്നാണ്. പ്രവര്‍ത്തിക്കേണ്ട സമയമാണിത്’ ലോകാരോഗ്യ സംഘടന പ്രതിനിധി ജെറമി ഫറാര്‍ പറഞ്ഞു.

‘3 ബൈ 35’ എന്നറിയപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ പുതിയ പദ്ധതി, നികുതി നയത്തില്‍ നിന്ന് 2035 ഓടെ 1 ട്രില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള സാധ്യതയാണ് ലക്ഷ്യമിടുന്നത്.

വികസന സഹായം പൊതുകടമുള്ള ചെറു രാജ്യങ്ങള്‍ക്കും ഇത് ഗണ്യമായ സാമ്പത്തിക ഉത്തേജനം നല്‍കും. ഈ രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എടുത്തുപറഞ്ഞു.

പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍, ഒരു ഇടത്തരം വരുമാനമുള്ള രാജ്യത്ത് നികുതി ചുമത്തിയ ഉല്‍പന്നത്തിന്റെ വില പ്രായോഗികമായി നാല് ഡോളറില്‍ നിന്ന് 2035 ആകുമ്പോഴേക്കും 10 ഡോളറായി ഉയരുമെന്നാണ് ഡബ്ല്യു.എച്ച്.ഒ ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗില്ലെര്‍മോ സാന്‍ഡോവല്‍ വിശദീകരിച്ചത്.

സമാനമായ രീതിയില്‍ നികുതി വര്‍ധിപ്പിക്കുകയും ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്ത കൊളംബിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം വ്യവസായ പ്രതിനിധികളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

‘പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് ഒരു രാജ്യത്തും ആരോഗ്യപരമായ ഫലങ്ങള്‍ മെച്ചപ്പെടുത്തുകയോ പൊണ്ണത്തടി കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന വ്യക്തമായ തെളിവുകള്‍ ലോകാരോഗ്യ സംഘടന അവഗണിക്കുന്നത് വളരെയധികം ആശങ്കാജനകമാണ്.’ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ബീവറേജസ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേറ്റ് ലോട്ട്മാന്‍ വിമര്‍ശിച്ചു.

Content Highlight: W.H.O has called on countries to increase the prices of alcohol, tobacco and sugary drinks by 50 percent over the next ten years