ന്യൂദല്‍ഹി: വേതന വര്‍ധനവിനായി ഹൈദരാബാദിലെ നച്ചറം വ്യാവസായിക മേഖലയിലെ ഷാഹി വസ്ത്ര ഫാക്ടറിയില്‍ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികള്‍. ഫാക്ടറിയിലെ 100ഓളം സ്ത്രീ തൊഴിലാളികളാണ് വേതന വര്‍ധനവിനായി പണിമുടക്കിയത്. എച്ച്&എം, ജെ.സി.പെന്നി, സി&എ, ലെവിസ് എന്നീ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് വസ്ത്രം നിര്‍മിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളാണ് പണി മുടക്കി റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
‘ഇത് ഞങ്ങളുടെ പ്രതിഷേധത്തിന്റെ നാലാം ദിവസമാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച സമരമാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ ഞങ്ങള്‍ സമരം ചെയ്യും,’ ഷാഹി എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ 13 വര്‍ഷമായി ജോലി ചെയ്യുന്ന പത്മ പറഞ്ഞു.
സ്ഥാപനത്തിലെ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ തങ്ങള്‍ തുന്നുന്നതാണെന്നും എന്നാല്‍ വസ്ത്രങ്ങള്‍ ഒന്നും ഇന്ത്യയില്‍ വില്‍ക്കുന്നതല്ലെന്നും അവ കയറ്റുമതി ചെയ്യുകയാണെന്നും 12 വര്‍ഷത്തോളം ജോലി ചെയ്യുന്ന പാര്‍വതി പറഞ്ഞു.
ഗ്രേഡ് 2 ടെയ്‌ലര്‍ക്ക് ഒരു മാസത്തില്‍ 11281 രൂപയും അവധിയെടുക്കാതെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 900 രൂപയുടെ ബോണസുമാണ് സ്ഥാപനം നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വേതനം 15000 രൂപയാക്കി മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
‘ഞങ്ങള്‍ക്ക് ഒരു തൊഴിലാളി നേതാവില്ല. കുറച്ചു കാലമായി ഞങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്, പക്ഷേ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല,’ മറ്റൊരു തൊഴിലാളി പറഞ്ഞു.
ഒഡീഷ, ഹരിയാന, കര്‍ണാടക എന്നിവയുള്‍പ്പെടെ നിരവധി നിര്‍മാണ യൂണിറ്റുകള്‍ ഷാഹി എക്‌സ്‌പോര്‍ട്‌സിനുണ്ട്. ഒരു ബില്യണ്‍ ഡോളറിന്റെ പട്ടികയില്‍ വരുമാനമുള്ള കമ്പനിയാണിതെന്ന് ദല്‍ഹി ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ഇക്കണോമിക് ഡെവലപ്മെന്റ് 2025 ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനത്തില്‍ 96,000ത്തിലധികം മുഴുവന്‍ സമയ ജീവനക്കാരുണ്ട്. അവരില്‍ 70% സ്ത്രീകളാണ്.