തന്‍പോരിമയും ധിക്കാരവും തുടരുകയാണെങ്കില്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട് നിലമ്പൂര്‍ യു.ഡി.എഫ് പിടിച്ചെടുക്കും; പി.വി. അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം
Kerala News
തന്‍പോരിമയും ധിക്കാരവും തുടരുകയാണെങ്കില്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട് നിലമ്പൂര്‍ യു.ഡി.എഫ് പിടിച്ചെടുക്കും; പി.വി. അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th May 2025, 2:09 pm

കോഴിക്കോട്: പി.വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശരിയായ നിലപാട് സ്വീകരിച്ചാല്‍ കൂടെ നിര്‍ത്തുമെന്നും തന്‍പോരിമയും ധിക്കാരവും തുടര്‍ന്നാല്‍ പരാജയപ്പെടുത്തിയും മുന്നോട്ട് പോവുമെന്നാണ് വി.ടി ബല്‍റാം പറയുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കിയില്ലെങ്കില്‍ മത്സരിക്കുമെന്ന അന്‍വറിന്റെയും പാര്‍ട്ടി നേതാക്കളുടെയും പരാമര്‍ശത്തിന് പിന്നാലെയാണ് വി.ടി ബല്‍റാമിന്റെ പോസ്റ്റ്.

അന്‍വറിന്റെ പേര് പരാമര്‍ശിക്കാതെയാണ് പോസ്റ്റ്. ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അയാളെ കൂടെ നിര്‍ത്തിക്കൊണ്ടെന്നും അയാള്‍ താന്‍ പോരിമയും ധിക്കാരവും തുടരുകയാണെങ്കില്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട് നിലമ്പൂര്‍ സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം വി.ടി ബല്‍റാമിന്റെ പോസ്റ്റ് യു.ഡി.എഫില്‍ തന്നെയുള്ള അന്‍വറിനോട് യോജിക്കാത്തവരും പരസ്യ പ്രതികരണത്തിന് വരാത്തവരുടെയും അഭിപ്രായമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ഘടകകക്ഷിയായി അംഗീകരിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നും അന്‍വര്‍ മത്സരിച്ചാല്‍ വിജയിക്കുന്ന സാഹചര്യമാണവിടെയെന്നും നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. പിന്നാലെ സമവായത്തിനായി അന്‍വര്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ടിരുന്നു.

Content Highlight: VT Balram with an indirect post against PV Anwar