ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Social media campaign
സംഘ് പരിവാര്‍ ഹേറ്റ് ക്യാമ്പയിന്‍ ശക്തമായി ചെറുക്കണം;ആശയപരമായി വിയോജിപ്പുള്ളപ്പോഴും ദീപക് ശങ്കരനാരായണനൊപ്പം നിലയുറപ്പിക്കുന്നെന്ന് വി.ടി ബല്‍റാം
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 1:00pm

കൊച്ചി: സംഘപരിവാറിന്റെ അജണ്ടകളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെതിരെ സൈബര്‍ ആക്രമണം നേരിടുന്ന ദീപക് ശങ്കരനാരായണന് പിന്തുണയുമായി വി.ടി ബല്‍റാം എം.എല്‍.എ

ദീപക് ശങ്കരനാരായണന്റെ ഒരഭിപ്രായത്തെച്ചൊല്ലി അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്ത 31% ആളുകളെ വംശഹത്യ നടത്താന്‍ ആഹ്വാനം ചെയ്തു എന്ന മട്ടില്‍ കുപ്രചരണവുമായി അദ്ദേഹത്തിന്റെ ജോലി കളയിക്കാന്‍ നോക്കുന്ന സംഘ് പരിവാര്‍ ഹേറ്റ് ക്യാമ്പയിന്‍ അങ്ങേയറ്റം ഹീനവും അപകടകരവമാണെന്നും അതിനെ ശക്തമായി ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പുറത്തുള്ള ആള്‍ക്കൂട്ടം എത്ര വലുതായാലും നീതിയാണ് പുലരേണ്ടതെന്നും അതിനായി ആക്രമണോത്സുക ആള്‍ക്കൂട്ടത്തെ തുടച്ചുനീക്കിയിട്ടാണെങ്കിലും നീതി അര്‍ഹിക്കുന്ന ആ ഒറ്റ മനുഷ്യന്റെ ഒപ്പം നില്‍ക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ദൗത്യം എന്നുമാണ് ദീപക് പറയാനാഗ്രഹിക്കുന്നതെന്ന് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാകേണ്ടതുണ്ട്. ബല്‍റാം പറഞ്ഞു.


Also Read കത്തുവ: കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്; ഇന്ന് നടക്കാനിരുന്ന വിചാരണ മാറ്റി


ഈ വിഷയത്തില്‍ ദീപക് ശങ്കരനാരായണനൊപ്പം ശക്തമായിത്തന്നെ നിലയുറപ്പിക്കുന്നെന്നും മാപ്പ് പറഞ്ഞ് ആ പോസ്റ്റ് പിന്‍വലിക്കേണ്ടതുണ്ടായിരുന്നോ എന്ന് ദീപക് തന്നെയാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍പരവും വ്യക്തിപരവുമായ സമ്മര്‍ദ്ദങ്ങളാല്‍ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നുവെന്നത് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഒരു തിരിച്ചടി തന്നെയാണെന്നും ബല്‍റാം വ്യക്താമാക്കി.

അതേസമയം ദീപക്കിന്റെ ചില നിലപാടുകളോട് എതിര്‍പ്പുണ്ടെന്നും അങ്ങേയറ്റം ഏകപക്ഷീയവും യുക്തിരഹിതവുമാണ് ദീപക് ശങ്കരനാരായണന്റെ പല പോസ്റ്റുകളും. അന്ധമായ കോണ്‍ഗ്രസ് വിരോധം ഓരോ വാക്കിലും മുഴച്ചു നില്‍ക്കുന്നതാണ് എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ എഴുത്തുകള്‍. ബല്‍റാം പറഞ്ഞു.


Also Read ‘പ്രതിഷേധമെന്ന പേരില്‍ തെമ്മാടിത്തരം കാണിക്കരുത്’; ഹര്‍ത്താലെന്ന പേരില്‍ വാഹനം തടഞ്ഞ് ആളുകളെ കയ്യേറ്റം ചെയ്യുന്നതിനെതിരെ നടി പാര്‍വതി


തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലി തെറിപ്പിക്കുകയും കേസെടുത്ത് പീഡിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം കേരളത്തിലെ മുഖ്യ ഭരണാധികാരിക്കുമുണ്ട് എന്ന് മനസ്സിലാക്കി ഇവിടത്തെ ഇരകള്‍ക്കൊപ്പവും നില്‍ക്കാന്‍ ഭാവിയിലെങ്കിലും അദ്ദേഹത്തേപ്പോലുള്ളവര്‍ക്ക് കഴിയുമായിരിക്കും. മുന്‍പൊരിക്കല്‍ ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ ഒരു മുസ്ലിം ചെറുപ്പക്കാരനെതിരെ യു.എ.പി.എ ഭീഷണി ഉയര്‍ത്തിയ ദീപക് ശങ്കരനാരായണന് സ്വന്തം സങ്കുചിത നിലപാടുകള്‍ പുനപരിശോധിക്കാനുള്ള ഒരവസരമായിക്കൂടി ഇത് മാറുന്നുണ്ട്.- ബല്‍റാം പറയുന്നു.

സമാനമായ ഒരഭിപ്രായം ഷുഹൈബ് വധ വിഷയത്തില്‍ താനും പറഞ്ഞിരുന്നു. കേരളം കണ്ട നമ്പര്‍ വണ്‍ ക്രിമിനല്‍ രാഷ്ട്രീയക്കാരനായിരിക്കും മുഖ്യമന്ത്രിയായി വരാന്‍ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്ത മുഴുവന്‍ മലയാളികള്‍ക്കും ഷുഹൈബിന്റെ രക്തക്കറയില്‍ നിന്ന് കൈകഴുകാന്‍ സാധിക്കുകയില്ല എന്ന്. എന്നാല്‍ അത്തരം ജനങ്ങള്‍ കാര്യങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തിരുത്തണമെന്നാണ് അതോടൊപ്പം കൂട്ടിച്ചേര്‍ത്തതെന്നും ബല്‍റാം തന്റെ പോസ്റ്റില്‍ പറയുന്നു.

വി.ടി ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ദീപക് ശങ്കരനാരായണന്റെ ഒരഭിപ്രായത്തെച്ചൊല്ലി അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്ത 31% ആളുകളെ വംശഹത്യ നടത്താന്‍ ആഹ്വാനം ചെയ്തു എന്ന മട്ടില്‍ കുപ്രചരണവുമായി അദ്ദേഹത്തിന്റെ ജോലി കളയിക്കാന്‍ നോക്കുന്ന സംഘ് പരിവാര്‍ ഹേറ്റ് ക്യാമ്പയിന്‍ അങ്ങേയറ്റം ഹീനവും അപകടകരവും അതുകൊണ്ടുതന്നെ ശക്തമായി ചെറുക്കപ്പെടേണ്ടതുമാണ്. അപ്പുറത്തുള്ള ആള്‍ക്കൂട്ടം എത്ര വലുതായാലും നീതിയാണ് പുലരേണ്ടതെന്നും അതിനായി ആക്രമണോത്സുക ആള്‍ക്കൂട്ടത്തെ തുടച്ചുനീക്കിയിട്ടാണെങ്കിലും നീതി അര്‍ഹിക്കുന്ന ആ ഒറ്റ മനുഷ്യന്റെ ഒപ്പം നില്‍ക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ദൗത്യം എന്നുമാണ് ദീപക് പറയാനാഗ്രഹിക്കുന്നതെന്ന് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാകേണ്ടതുണ്ട്. ആയതിനാല്‍ ഈ വിഷയത്തില്‍ ദീപക് ശങ്കരനാരായണനൊപ്പം ശക്തമായിത്തന്നെ നിലയുറപ്പിക്കുന്നു. മാപ്പ് പറഞ്ഞ് ആ പോസ്റ്റ് പിന്‍വലിക്കേണ്ടതുണ്ടായിരുന്നോ എന്ന് ദീപക് തന്നെയാണ് ചിന്തിക്കേണ്ടത്. തൊഴില്‍പരവും വ്യക്തിപരവുമായ സമ്മര്‍ദ്ദങ്ങളാല്‍ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നുവെന്നത് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഒരു തിരിച്ചടി തന്നെയാണ്.

സാന്ദര്‍ഭികമായി പറയട്ടെ, അങ്ങേയറ്റം ഏകപക്ഷീയവും യുക്തിരഹിതവുമാണ് ദീപക് ശങ്കരനാരായണന്റെ പല പോസ്റ്റുകളും. അന്ധമായ കോണ്‍ഗ്രസ് വിരോധം ഓരോ വാക്കിലും മുഴച്ചു നില്‍ക്കുന്നതാണ് എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ എഴുത്തുകള്‍. കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ഒറ്റുകാരും കമ്മീഷന്‍ ഏജന്റുമാരും അക്രമരാഷ്ട്രീയക്കാരുമൊക്കെയാണെന്ന അദ്ദേഹത്തിന്റെ പതിവു വാദങ്ങള്‍ അതിന്റെ പ്രഥമദൃഷ്ട്യാ ഉള്ള പരിഹാസ്യത കൊണ്ടുതന്നെ മറുപടി അര്‍ഹിക്കാത്തതാണ്. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിശ്രേണീ വ്യവസ്ഥയുടേയും അതില്‍ ഇന്‍ബില്‍റ്റായിരിക്കുന്ന വയലന്‍സിന്റേയും കാരണത്താല്‍ ഫാഷിസ്റ്റുവല്‍ക്കരിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും തുടക്കം മുതലേ നിലനിന്നിരുന്ന ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിനെ എല്ലാ പരിമിതികള്‍ക്കകത്തും ഒരു ലിബറല്‍ ജനാധിപത്യ രാഷ്ട്രമായി ഇക്കാലമത്രയും നിലനിര്‍ത്തിപ്പോന്നതില്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ നേതൃത്ത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര മൂല്യങ്ങളുടേയും പങ്ക് തീര്‍ത്തും എഴുതിത്തള്ളാന്‍ അദ്ദേഹമടക്കമുള്ള എല്ലാ അഭിനവ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം കൂടി ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക പങ്കില്‍ ഇവിടെ വളര്‍ന്നുവന്ന ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്നും അദ്ദേഹത്തേപ്പോലുള്ളവര്‍ക്ക് വൈകിയെങ്കിലും തിരിച്ചറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലി തെറിപ്പിക്കുകയും കേസെടുത്ത് പീഡിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം കേരളത്തിലെ മുഖ്യ ഭരണാധികാരിക്കുമുണ്ട് എന്ന് മനസ്സിലാക്കി ഇവിടത്തെ ഇരകള്‍ക്കൊപ്പവും നില്‍ക്കാന്‍ ഭാവിയിലെങ്കിലും അദ്ദേഹത്തേപ്പോലുള്ളവര്‍ക്ക് കഴിയുമായിരിക്കും. മുന്‍പൊരിക്കല്‍ ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ ഒരു മുസ്ലിം ചെറുപ്പക്കാരനെതിരെ യു.എ.പി.എ ഭീഷണി ഉയര്‍ത്തിയ ദീപക് ശങ്കരനാരായണന് സ്വന്തം സങ്കുചിത നിലപാടുകള്‍ പുനപരിശോധിക്കാനുള്ള ഒരവസരമായിക്കൂടി ഇത് മാറുന്നുണ്ട്.

സമാനമായ ഒരഭിപ്രായം ഷുഹൈബ് വധ വിഷയത്തില്‍ ഞാനും പറഞ്ഞിരുന്നു. കേരളം കണ്ട നമ്പര്‍ വണ്‍ ക്രിമിനല്‍ രാഷ്ട്രീയക്കാരനായിരിക്കും മുഖ്യമന്ത്രിയായി വരാന്‍ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്ത മുഴുവന്‍ മലയാളികള്‍ക്കും ഷുഹൈബിന്റെ രക്തക്കറയില്‍ നിന്ന് കൈകഴുകാന്‍ സാധിക്കുകയില്ല എന്ന്. എന്നാല്‍ അത്തരം ജനങ്ങള്‍ കാര്യങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തിരുത്തണമെന്നാണ് അതോടൊപ്പം കൂട്ടിച്ചേര്‍ത്തത്. ജനാധിപത്യം എന്നത് ചാപ്പയടിച്ച് മാറ്റിനിര്‍ത്തലിന്റേതല്ല, തിരിച്ചറിവുകളിലേക്ക് ഒരു സമൂഹത്തെ നയിക്കലിന്റേതാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അബദ്ധം കാണിച്ച ആ 31 ശതമാനത്തേക്കൂടി തിരിച്ചറിവിന്റെ പാതയിലേക്ക് നയിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അങ്ങനെയാണ് പലരും കപട സ്വാതന്ത്ര്യം എന്നും ബൂര്‍ഷ്വാ ജനാധിപത്യം എന്നുമൊക്കെ എഴുതിത്തള്ളിയിടത്തു നിന്ന് ഇന്നത്തെ ശക്തമായ ഇന്ത്യന്‍ ജനാധിപത്യത്തിന് വിത്തുപാകിയ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിനോട് നീതി കാട്ടേണ്ടത്.

Advertisement