പാലക്കാട്: സി.പി.ഐ വിമതരുടെ പരിപാടി ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം. സേവ് സി.പി.ഐ പട്ടാമ്പി മണ്ഡലം സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവുമാണ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തത്. ഇന്നലെ (വെള്ളിയാഴ്ച)യാണ് പരിപാടി നടന്നത്.
സി.പി.ഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാനവ സംഗമം പരിപാടിയിലേക്കാണ് വി.ടി. ബല്‍റാം എത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവിനെ ക്ഷണിച്ച സി.പി.ഐ വിമതരുടെ നീക്കം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
പിന്നാലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വി.ടി. ബല്‍റാമിന്റെ നിലപാടിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും സി.പി.ഐയില്‍ നിന്നും വിവേചനം നേരിട്ട, സി.പി.ഐക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ആളുകളുടെ പരിപാടിയാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും വി.ടി. ബല്‍റാം പ്രതികരിച്ചിരുന്നു.
എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള നീക്കമാണ് വി.ടി. ബല്‍റാം നടത്തുന്നതെന്ന അഭിപ്രായ പ്രകടനങ്ങളാണ് പിന്നീട് ഉണ്ടായത്.
അതേസമയം പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷവും വി.ടി. ബല്‍റാം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപകാല അപചയങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് പോരാടുന്ന സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു വി.ടി. ബല്‍റാമിന്റെ പോസ്റ്റ്.
വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുമ്പോഴും, മനുഷ്യര്‍ എന്ന നിലയിലും ഇന്ത്യക്കാര്‍ എന്ന നിലയിലും നാം മുമ്പെന്നത്തേക്കാളും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്നും വി.ടി. ബല്‍റാം പറഞ്ഞു.
തങ്ങളാണ് യഥാര്‍ത്ഥ സി.പി.ഐ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് സേവ് സി.പി.ഐ പട്ടാമ്പി മണ്ഡലം നേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് വിമതര്‍ ജില്ലയില്‍ സമാന്തരസംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. 45 അംഗ കമ്മിറ്റിയാണ് ഇവര്‍ രൂപീകരിച്ചത്.
500ല്‍ അധികം പങ്കെടുത്ത പരിപാടിയിലാണ് സി.പി.ഐ വിമതര്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. സി.പി.ഐ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നവരും വിമതരുടെ പാര്‍ട്ടിയിലുണ്ട്.
പുറത്താക്കിയാല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന ധാരണ ചിലര്‍ക്കുണ്ടെന്നും എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പഴയ പാര്‍ട്ടിയാക്കി മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നും മണ്ണാര്‍ക്കാട് മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പാലോട് മണികണ്ഠന്‍ പറഞ്ഞിരുന്നു.
Content Highlight: VT Balram inaugurates CPI rebels’ program amid controversies