ജനാധിപത്യവും ചാണക തന്ത്രവും തമ്മിലുള്ള വ്യത്യാസം നേതാക്കള്‍ക്കറിയാം ; ജഗദീഷ് ഷെട്ടാര്‍ തലയെടുപ്പുള്ള നേതാവ്: വി.ടി. ബല്‍റാം
Kerala News
ജനാധിപത്യവും ചാണക തന്ത്രവും തമ്മിലുള്ള വ്യത്യാസം നേതാക്കള്‍ക്കറിയാം ; ജഗദീഷ് ഷെട്ടാര്‍ തലയെടുപ്പുള്ള നേതാവ്: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 1:21 pm

തിരുവനന്തപുരം: കര്‍ണാടകയില്‍ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ബി.ജെ.പിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു ജഗദീഷ് ഷെട്ടാറെന്നാണ് ബല്‍റാം പറഞ്ഞത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്ന ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല ഷെട്ടാര്‍ കോണ്‍ഗ്രസിലെത്തിയതെന്നും ഇനിയും നിരവധിയാളുകള്‍ പാര്‍ട്ടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ പരാര്‍ശം.

തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയിലെത്തിയ നേതാക്കളെയെല്ലാം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുമെന്നും നേതാക്കളുടെ നിലപാടിനെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യാനുള്ള  അവസരമൊരുക്കുമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. അതാണ് ബി.ജെ.പിയുടെ ചാണക തന്ത്രങ്ങളും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്നും ബല്‍റാം വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘കര്‍ണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറാണ് ആ പാര്‍ട്ടി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെയായി ദീര്‍ഘനാള്‍ ബി.ജെ.പിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ദിവസമാണ് മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡിയും കോണ്‍ഗ്രസിലേക്ക് വന്നത്. നൂറു കണക്കിന് അറിയപ്പെടുന്ന ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ഈ ദിവസങ്ങളിലായി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. ഇനിയും ഒരുപാടു പേര്‍ വരാനിരിക്കുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല, തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പുതിയ രാഷ്ട്രീയ നിലപാടെടുത്ത് അതിനെ ജനകീയ കോടതിയില്‍ പരിശോധനക്ക് വിധേയമാക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് ഇവരെയെല്ലാം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ജനാധിപത്യവും ചാണകതന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം,’ ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കര്‍ണാടകയില്‍ നിന്ന് നിരവധി ബി.ജെ.പി നേതാക്കളാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് പക്ഷത്തേക്കെത്തിയത്. മെയ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി പാളയത്തില്‍ വലിയ പ്രതിസന്ധിയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് സൃഷ്ടിച്ചിരിക്കുന്നത്‌.

അതിനിടെ തുറന്ന മനസോടെയാണ് താന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതെന്നാണ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞത്‌. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡി.കെ. ശിവകുമാറും അടക്കമുള്ള നേതാക്കള്‍ ക്ഷണിച്ചത് കൊണ്ടാണ് രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ കോണ്‍ഗ്രസിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: vt balram facebook post on bjp