'ഇതുകൊണ്ടാണ് ഇവരെ കോമാളി നിലവാരത്തില്‍ കാണുന്നത്'; സ്ഥാനമേല്‍ക്കാത്ത സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ ആവശ്യപ്പടുന്ന മഹിളാ മോര്‍ച്ച സമരത്തെക്കുറിച്ച് വി.ടി. ബല്‍റാം
Kerala
'ഇതുകൊണ്ടാണ് ഇവരെ കോമാളി നിലവാരത്തില്‍ കാണുന്നത്'; സ്ഥാനമേല്‍ക്കാത്ത സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ ആവശ്യപ്പടുന്ന മഹിളാ മോര്‍ച്ച സമരത്തെക്കുറിച്ച് വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2026, 2:03 pm

കൊച്ചി: അധികാരത്തിലെത്തിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുമെന്നതായിരുന്നു ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ യു.ഡി.എഫിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. തങ്ങളുടെ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ഇതിനുള്ള നടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുകയാണ്. ഇതിന് പിറകെ തന്നെ സൗജന്യ യാത്ര അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേ സമയം, ഈ സൗജന്യ യാത്ര പദ്ധതി നടപ്പാക്കാത്തതിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ് വനിതാ മോര്‍ച്ച. വനിതകളുടെ പ്രതിഷേധ പ്രകടനവും ടിക്കറ്റില്ലാ യാത്രയുമാണ് പ്രതിഷേധ പരിപാടികളായി വനിതാ മോര്‍ച്ച സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൗജന്യ യാത്ര എന്ന വാഗ്ദാനം യു.ഡി.എഫ് പാലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ പരിപാടിയുമായി സംഘടന മുന്നോട്ട് വന്നിരിക്കുന്നത്.

മഹിളാ മോര്‍ച്ചയുടെ പ്രതിഷേധത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത്അധികാരമേറ്റെടുത്താല്‍ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബി.ജെ.പിയുടെ നേതൃതലങ്ങളില്‍ ഉള്ളവര്‍ക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണെന്ന് ബല്‍റാം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തില്‍ മലയാളികള്‍ കാണുന്നത് എന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേണ്ട എന്നും ബല്‍റാമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലേയും കൂടി 3.05 രൂപ വര്‍ദ്ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളില്‍ വച്ചാണ് സമരത്തിന്റെ പോസ്റ്റര്‍ എന്നതും കൗതുകകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹിളാ മോര്‍ച്ചയുടെ ഒരു പോസ്റ്ററും ഇതിനൊപ്പം ബല്‍റാം പങ്കുവച്ചിട്ടുണ്ട്. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നടത്തുന്ന പ്രതിഷേധത്തിന്റേതാണ് പോസ്റ്റര്‍. പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശ്വനി എം.എലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെയും ഫോട്ടോകള്‍ പോസ്റ്ററിലുണ്ട്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് കേരളത്തിലിന്നേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണെന്ന് ബല്‍റാം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി തങ്ങള്‍ നടപ്പിലാക്കുകതന്നെ ചെയ്യുമെന്നും ബല്‍റാം പറയുന്നു.

‘കുറച്ചുകൂടി നിലവാരമുള്ള, അല്‍പ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാന്‍ അപ്പുറത്തുള്ള എല്ലാ പാര്‍ട്ടികള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു,’ എന്ന് പറഞ്ഞാണ് ബല്‍റാം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തില്‍ മലയാളികള്‍ കാണുന്നത് എന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേണ്ട.

സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപിയുടെ നേതൃതലങ്ങളില്‍ ഉള്ളവര്‍ക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണ്.

ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലേം കൂടി 3.05 രൂപ വര്‍ദ്ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളില്‍ വച്ചാണ് സമരത്തിന്റെ പോസ്റ്റര്‍ എന്നതും കൗതുകകരമാണ്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് കേരളത്തിലിന്നേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി ഞങ്ങള്‍ നടപ്പിലാക്കുകതന്നെ ചെയ്യും, സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ഉള്‍പ്പെടെ.

കുറച്ചുകൂടി നിലവാരമുള്ള, അല്‍പ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാന്‍ അപ്പുറത്തുള്ള എല്ലാ പാര്‍ട്ടികള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

 

Content highlight: VT Balram Response on Mahila Morcha Protest against not starting free rides in KSRTC even before Governement formation