എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി പിരിച്ച് വിട്ട് പിണറായിയുടെ സി.പി.ഐ.എമ്മില്‍ ചേരുന്നതാണ് നല്ലതെന്ന് വി.ടി ബല്‍റാം
എഡിറ്റര്‍
Friday 3rd November 2017 10:47pm


കോഴിക്കോട്: ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമുള്ള ത്രീവ്രവാദികളാണ് മുക്കത്ത് ഗെയില്‍ വാതക പൈപ്പ്‌ലൈനെതിരെ സമരം ചെയ്യുന്നതെന്ന സി.പി.ഐ.എം ജില്ലാകമ്മറ്റിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എം.എല്‍.എ.

കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സി.പി.ഐ.എമ്മില്‍ ലയിക്കണമെന്നും ഇവിടെ നിങ്ങള്‍ വെവ്വേറെയായി നില്‍ക്കേണ്ട ഒരു ആവശ്യവുമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഗെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്റെ വിവാദ പ്രസ്താവന ജനരോഷം ഇരട്ടിയാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഗെയില്‍ പൈപ്പ് ലൈനെതിരെ സമരം ചെയ്ത ആളുകളെ വിമര്‍ശിച്ചുകൊണ്ട് സി.പി.ഐ.എം ജില്ലാകമ്മറ്റി പ്രസ്താവനയിറക്കിയത്.


Also Read ഗെയില്‍ സമരം: പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണി നിര്‍ത്താതെ സര്‍വ്വകക്ഷിയോഗവുമായി സഹകരിക്കില്ലെന്ന് സമരസമിതി


അതേസമയം സമരസമിതിയെക്കൂടി ഉള്‍പെടുത്തി വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം നടത്താനിരിക്കുകയാണ് എന്നാല്‍ പൈപ്പ്‌ലൈന്‍ ഇടുന്ന പണി നിര്‍ത്തി വെക്കാതെ ചര്‍ച്ചയുമായി സഹകരിക്കില്ലെന്നാണ് സമരസമിതി നിലപാട്.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്നും ഗെയില്‍ അധികൃതര്‍ പറഞ്ഞിരുന്നു. നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നിലവിലെ ന്യായവിലയുടെ അമ്പത് ശതമാനത്തിന് മുകളില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാണെന്നും ഗെയില്‍ ജനറല്‍ മാനേജര്‍ എം.ഐ വിജു വ്യക്തമാക്കിയിരുന്നു. ജോര്‍ജ് എം.തോമസ് എം.എല്‍.എ ഗെയ്ല്‍ പ്രതിനിധികളുമായും പ്രാദേശികകക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത് ധാരണയായത്.

സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ യു.വി.ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

Advertisement